ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലുള്ള ടീം സ്‌പിരിറ്റിനെ പ്രശംസിച്ച് മുൻ നായകനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. അതിൽ മുൻനായകൻ എം.എസ്.ധോണിയും നിലവിലെ നായകൻ വിരാട് കോഹ്‌ലിയും വഹിക്കുന്ന പങ്ക് വലുതാണെന്നും ഗവാസ്കർ പറഞ്ഞു. ഇരുവരുടെയും ലാളിത്യത്തെയും എളിമയെയും ഒരു ദേശീയ മാധ്യമാത്തിലെഴുതിയ കോളത്തിലാണ് ഗവാസ്കർ പുകഴ്ത്തുന്നത്. ടീം നായകനെന്ന നിലയിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാമെങ്കിലും ടിവി ക്രൂവിനൊപ്പം ഇക്കോണമി ക്ലാസിലാണ് ധോണിയുടെ വിമാന യാത്രയെന്ന് ഗവാസ്കർ പറഞ്ഞു.

എല്ലാവർക്കും അറിയാവുന്നതുപോലെ, നാട്ടിൽ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങൾ ഒരു വേദിയിൽനിന്ന് അടുത്ത വേദിയിലേക്ക് സ്പെഷൽ ചാർട്ടേർഡ് വിമാനത്തിലാണ് യാത്ര ചെയ്യുക. ഇതേ വിമാനത്തിൽ തന്നെയാകും മത്സരം സംപ്രേഷണം ചെയ്യുന്ന ചാനൽ ക്രൂവും യാത്ര ചെയ്യുന്നതെന്നും ഗവാസ്കർ പറഞ്ഞു.

Also Read: എന്തുവാടെ ഇത്?; തന്റെ ബാറ്റിങ് കണ്ട ദ്രാവിഡിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൂടുതൽ മികവു പുലർത്തുന്ന താരങ്ങൾക്ക് വിമാന യാത്രകളിൽ ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാൽ ക്യാപ്റ്റൻമാരും പരിശീലകരും ടീം മാനേജർമാരുമൊക്കെയാണ് അതിൽ യാത്ര ചെയ്യുക. മറ്റു താരങ്ങൾക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുൻപുള്ള മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവെന്നും ഗവാസ്കർ വ്യക്തമാക്കി.

Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും

“എന്നാൽ എം.എസ്.ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷൻ ജീവനക്കാർക്കൊപ്പം ഇക്കോമണി ക്ലാസിൽ പോയിരിക്കും. ക്യാമറാമാൻമാരും സൗണ്ട് എൻജിനീയർമാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികർ” ഗാവസ്കർ എഴുതി.

ഇത് നിലവിലെ നായകൻ വിരാട് കോഹ്‌ലിയും പിന്തുടരാറുണ്ട്. പലപ്പോഴും ഇക്കോണമി ക്ലാസിലാണ് താരവും യാത്ര ചെയ്യാറെന്നും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് തന്റെ സീറ്റ് അദ്ദേഹം വിട്ടു നൽകാറുണ്ടെന്നും ഗവാസ്കർ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി നേരത്തെ മുൻ ഇംഗ്ലീഷ് താരം മൈക്കിൾ വോണും രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook