ന്യൂഡൽഹി: ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കായിക മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനോടകം ഒളിമ്പിക്സുൾപ്പടെ നിരവധി മത്സരങ്ങളും ടൂർണമെന്റുകളും മാറ്റിവയ്ക്കപ്പെടുകയോ റദ്ദാക്കുകയോ ചെയ്ത സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തിലാണ് കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഫിഫയും സജീവമാകുന്നത്. നിലവിൽ കളിക്കുന്നവരും നേരത്തെ കളിച്ചിരുന്നവരുമായ താരങ്ങളെ അണിനിരത്തിയാണ് ഫിഫ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മെസിയും അലിസൺ ബെക്കറുമെല്ലാം ഉൾപ്പെടുന്ന 28 താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുമുണ്ട്.
Also Read: കോവിഡ്-19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി മെസിയും ഗാർഡിയോളയും
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് ഫിഫ ബോധവൽക്കരണ ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കുക.
കൊറോണ വൈറസിനെ പുറത്താക്കാനുള്ള സന്ദേശം കൈമാറുക ( Pass the message to kick out coronavirus ) എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ നമ്മൾ ശ്രദ്ധിക്കേണ്ട ആരോഗ്യവും സാമൂഹികവുമായ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് താരങ്ങൾ.
Also Read: ‘ജീവനാണ് പ്രധാനം’; ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് കായിക താരങ്ങൾ
ഫുട്ബോൾ മൈതാനത്തേക്കും കടന്നുകൂടിയ കൊറോണ വൈറസ് മത്സരങ്ങളെ നിശ്ചമാക്കിയെന്ന് മാത്രമല്ല പല താരങ്ങളെയും കിടപ്പിലുമാക്കിയിട്ടുണ്ട്. മൂന്ന് യുവന്റസ് താരങ്ങൾക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
യുവന്റസിന്റെ അർജന്റിനിയൻ താരം പൗലോ ഡിബാലയ്ക്കും ഡിഫെൻഡർ ഡാനിയേൽ റുഗാനി, മിഡ്ഫീൽഡർ ബ്ലെയ്സ് മാറ്റ്യൂഡിക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൗറോൻ ഫെലൈനിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ താരങ്ങൾ നിരീക്ഷണത്തിലാണ്.