മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേടിയതിന് പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. വിജയം ആരാധകര്‍ക്കാണ് അദ്ദേഹം സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ആരാധകരോട് നന്ദി പറഞ്ഞത്.

”എന്തൊരു അനുഭവമാണിത്. ഗ്യാലറി നിറച്ച, വീടുകളില്‍ നിന്നടക്കം, ഞങ്ങള്‍ക്ക് വേണ്ടി ആരവം മുഴക്കുകയും ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും നന്ദി. അവര്‍ക്കുള്ളതാണ് ഈ വിജയം. ഇത് ആസ്വദിക്കാനുള്ള സമയമാണ്. ഉടനെ തന്നെ യാത്രയിലേക്ക് മടങ്ങി വരേണ്ടതുണ്ട്. പാത ദൂരമേറിയതാണ്,” ഛേത്രി പറയുന്നു.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കെനിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേടിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

എട്ടാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിലേക്ക് അടിച്ച് കയറ്റിയായിരുന്നു ആദ്യ ഗോള്‍. ഇരുപത്തിയെട്ടാം മിനിറ്റില്‍ ഛേത്രി തന്നെ ഗോള്‍ നില ഇരട്ടിപ്പിച്ചു.

മലയാളി താരം അനസ് ഇടത്തോടിക്കയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അനസ് നല്‍കിയ നീണ്ട പാസില്‍ പന്ത് കൈവശപ്പെടുത്തിയ ഛേത്രി ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. കെനിയന്‍ ഗോള്‍ കീപ്പറെ കവച്ചുവച്ച് കൊണ്ട് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ