അഹമ്മദാബാദ്: ഇന്രർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തജിക്കിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ സുനിൽ ഛേത്രി മിന്നും പ്രകടനത്തോടെ വീണ്ടും കൈയ്യടി നേടി. മത്സരത്തിൽ ഇന്ത്യ നേടിയ രണ്ട് ഗോളുകളും പിറന്നത് ഛേത്രിയുടെ കാലിൽ നിന്നായിരുന്നു. തന്റെ ഇരട്ടഗോൾ മികവിൽ സാക്ഷാൽ ലയണൽ മെസിയെ രണ്ടടി പിന്നിലാക്കിയിരിക്കുകയാണ് ഛേത്രി. മെസിയെ മറികടന്ന് ഛേത്രി വീണ്ടും ഗോൾ വേട്ടയിൽ മുന്നിലെത്തി.
ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയിലാണ് ഛേത്രി മെസിയെ മറി കടന്നത്. 68 ഗോളുകളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയിരിക്കുന്നത്. തജിക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് 68 ഗോളുകളുമായി രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു ഛേത്രിയും മെസിയും. എന്നാൽ മത്സരം പൂർത്തിയായതോടെ രണ്ട് ഗോളുകൾ കൂടി തന്റെ അക്കൗണ്ടിൽ ചേർത്ത് ഛേത്രി സമ്പാദ്യം 70 ആക്കി.
Top 3 Active International Goalscorers:
88 Goals: Cristiano Ronaldo
70 Goals: Sunil Chhetri
68 Goals: Lionel Messi pic.twitter.com/nSybgzI78r— B3 (@b3naldo7) July 7, 2019
ഇന്ത്യന്‍ നായകന് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരത്തിന്റെ കണക്കിലുള്ളത് 88 ഗോളുകളാണ്. 136 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ 68 ഗോളുകളെങ്കിൽ ഛേത്രിക്ക് 70 ഗോളുകളിലെത്താൻ വേണ്ടി വന്നത് 109 മത്സരങ്ങൾ മാത്രമാണ്. 158 മത്സരങ്ങൾ കളിച്ച റൊണാൾഡോ 88 ഗോളുകളും സ്വന്തമാക്കി.
ഇന്രർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. തജിക്കിസ്ഥാനാണ് നിലവിലെ ചാമ്പ്യമാരെ അട്ടിമറിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യക്കെതിരെ തജിക്കിസ്ഥാന്റെ ജയം. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിലുള്ള തജിക്കിസ്ഥാനോടേറ്റ തോൽവി ഇന്ത്യക്ക് വലിയ തിരിച്ചടിയായി. രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ തജിക്കിസ്ഥാനോട് അടിയറവ് പറഞ്ഞത്.