മാലിദ്വീപ്: ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ല. പക്ഷെ നമ്മുടെ നായകന്‍ സുനില്‍ ഛേത്രി അങ്ങനെയല്ല. ഇന്നിന്റെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുമൊപ്പമാണ് ഛേത്രിയുടെ യാത്ര. രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ ബ്രസീല്‍ ഇതിഹാസം പെലെയേയും ഇന്ത്യന്‍ നായകന്‍ മറികടന്നു.
സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (സാഫ്) ചാമ്പ്യന്‍ഷിപ്പില്‍ മാലിദ്വീപിനെതിരെ നേടിയ ഇരട്ട ഗോളോണ് ഛേത്രിയെ ഇതിഹാസ താരത്തെ മറികടക്കാന്‍ സഹായിച്ചത്. 62, 71 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ബൂട്ട് ലക്ഷ്യം കണ്ടത്. ഇതോടെ ഇന്ത്യയ്ക്കായി ഛേത്രിയുടെ ഗോള്‍ നേട്ടം 79 ആയി ഉയര്‍ന്നു. ബ്രസീലിനായി പെലെ 77 ഗോളുകളാണ് നേടിയിട്ടുള്ളത്.
രാജ്യാന്തര ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്കോറര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 115 ഗോളുകളാണ് പോര്‍ച്ചുഗലിനായി താരം നേടിയത്. നിലവിലെ താരങ്ങളില്‍ ലയണല്‍ മെസിയാണ് റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത്. അര്‍ജന്റീനയ്ക്കായി 80 തവണയാണ് മെസി ലക്ഷ്യം കണ്ടത്.