ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്ക് മറക്കാനാവാത്ത പിറന്നാള്‍ സമ്മാനം നല്‍കി എഎഫ്‌സി. ഛേത്രിയെ ഏഷ്യയുടെ ഐക്കണായി തിരഞ്ഞെടുത്തു കൊണ്ടായിരുന്നു ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിഹാസ താരത്തിന് ആദരവ് അര്‍പ്പിച്ചതും പിറന്നാല്‍ ആശംസ നേര്‍ന്നതും. ഇന്നലെയായിരുന്നു ഇന്ത്യന്‍ നായകന്റെ 34-ാം ജന്മദിനം. താരങ്ങളും ആരാധകരും പ്രിയപ്പെട്ടവന് ആശംസ നേരാനെത്തിയപ്പോള്‍ എഎഫ്‌സിയുടെ ആശംസ അംഗീകാരവുമായി മാറുകയായിരുന്നു.

101 മത്സരങ്ങളില്‍ നിന്നും ഇന്ത്യയ്ക്കായി 64 ഗോളുകള്‍ നേടിയിട്ടുള്ള ഛേത്രി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഏഷ്യന്‍ താരമാണ്. ലോകത്ത് ഛേത്രിയ്ക്ക് മുന്നിലുള്ളത് സാക്ഷാല്‍ മെസിയും ക്രിസ്റ്റ്യാനോയും മാത്രമാണ്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയിലൂടെയായിരുന്നു എഎഫ്‌സി ആശംസ നേര്‍ന്നത്.

‘മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും കാലത്ത്, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാവുക എന്നത് ചില്ലറക്കാര്യമല്ല. മെസിയുടെ 65 രാജ്യാന്തര ഗോളിനേക്കാള്‍ ഒരു ഗോള്‍ മാത്രം പിന്നിലെന്ന നേട്ടം ഒരു ഏഷ്യന്‍ താരത്തെ സംബന്ധിച്ച് ചെറിയ റെക്കോര്‍ഡുമല്ല. ഏഷ്യന്‍ ഐക്കണ്‍ പട്ടികയിലേക്ക് ഞങ്ങള്‍ അവതരിപ്പിക്കുന്നു, സുനില്‍ ഛേത്രിയെ” എന്നായിരുന്നു എഎഫ്‌സി തങ്ങളുടെ ഔദ്യോഗിക പേജില്‍ കുറിച്ചത്.

ക്രിക്കറ്റ് ഭ്രാന്തമാരുടെ നാട്ടില്‍ ഫുട്‌ബോള്‍ കുടുംബത്തിലായിരുന്നു ഛേത്രിയുടെ ജനനം. അച്ഛന്‍ ഇന്ത്യന്‍ പട്ടാളത്തിനായി ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്. അമ്മയും അമ്മായിയും നേപ്പാള്‍ നാഷണല്‍ ടീമിലെ താരങ്ങളായിരുന്നു. ഇവരില്‍ നിന്നും ഫുട്‌ബോള്‍ പകര്‍ന്നു കിട്ടിയെങ്കിലും ഇന്ത്യന്‍ നായകന്‍, ഇന്ത്യയ്ക്കായി 100 മത്സരങ്ങള്‍, 64 ഗോളുകള്‍ ഇത്രയൊന്നും ഛേത്രിയും സ്വപ്‌നം കണ്ടിരുന്നില്ലെന്നതാണ് വാസ്തവം. 2015 മുതല്‍ മാത്രം 21 ഗോളുകള്‍ നേടിയിട്ടുള്ള താരം ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു തന്നെ നയിക്കുകയാണെന്നും എഎഫ്‌സി പറഞ്ഞു.

2002 ല്‍ പാക്കിസ്ഥാനെതിരെ ആരംഭിച്ച കരിയര്‍ ഇപ്പോഴും അതിവേഗം മുന്നോട്ട് തന്നെ കുതിക്കുകയാണ്. 34 ല്‍ എത്തി നില്‍ക്കുമ്പോഴും താരവുമായി 2021 വരെ കരാര്‍ നീട്ടാന്‍ തന്നെയാണ് ബെംഗളൂരു എഫ്‌സി തീരുമാനിച്ചത്. പ്രായം ഛേത്രിയുടെ കാര്യത്തിലൊരു അക്കം മാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook