മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത കുതിപ്പുമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ സാക്ഷാല്‍ മെസിയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും പിന്നില്‍ മൂന്നാമതാണ് ഛേത്രി.

ചൈനീസ് തായ്‌പേയ്‌ക്കെതിരായ ഹാട്രിക് പ്രകടനത്തോടെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഗോളുകളുടെ എണ്ണം 59 ആയി ഉയര്‍ത്തിയ ഛേത്രി മെസിയുടെ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ്. ഛേത്രിയേക്കാള്‍ വെറും അഞ്ച് ഗോളുകള്‍ മാത്രമാണ് മെസിയ്ക്ക് കൂടുതലുള്ളത്.

മെസി അര്‍ജന്റീനയ്ക്കായി 64 ഗോളുകളും ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി 81 ഗോളുകളുമാണ് നേടിയിട്ടുള്ളത്. സ്‌പെയിനിന്റെ ഡേവിഡ് വിയയ്‌ക്കൊപ്പമാണ് ഛേത്രി മൂന്നാം സ്ഥാനം പങ്കിടുന്നത്.

ഇന്റര്‍ കോണ്ടിനന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ചൈനീസ് തായ്പേയെ ഇന്ത്യ തകര്‍ത്തത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലാണ് ഇന്ത്യന്‍ വിജയം.

കളി തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യ കളിയുടെ നിയന്ത്രണം പൂര്‍ണമായും വരുതിയിലാക്കി. ആദ്യത്തെ ഗോളിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഗോളുകള്‍ നേടി.

ചൈനീസ് തായ്പേയ് ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ഇന്ത്യ ആധികാരികമായാണ് മൽസരത്തില്‍ ജയിച്ചത്. 14,34,61 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. കൂടാതെ 48-ാം മിനിറ്റിലെ ഉദാന്തയുടെ ഗോളും 78-ാം മിനിറ്റിലെ പ്രണോയ് ഹാല്‍ദറിന്റെ ഗോളും ആയതോടെ ഇന്ത്യ വിജയം ഉജ്ജ്വലമാക്കി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ