ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ മാതൃകയായി കാണാൻ, യുവ താരങ്ങളോട് താൻ നിർദേശിക്കാറുണ്ടെന്ന് ഇതിഹാസ താരം ഐഎം വിജയൻ. അർപ്പണ മനോഭാവത്തിന്റെയും പ്രശ്നപരിഹാര ശേഷിയുടെയും പ്രതീകമാണ് സുനിൽ ഛേത്രിയെന്നും ഛേത്രിക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ ഐഎം വിജയൻ പറഞ്ഞു. ദീർഘകാലമായി ദേശീയ, രാജ്യാന്തര ഫുട്ബോളിൽ തുടരുന്നതിൽ ഛേത്രിയെ പ്രശംസിച്ച ഐഎം വിജയൻ, 35കാരനായ താരത്തിന്റെ അർപ്പണ മനോഭാവത്തെ യുവ ഫുട്ബോളർമാർ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു.
“ഞാൻ നിങ്ങളുടെ മത്സരങ്ങൾ പിന്തുടരാറുണ്ട്. നിങ്ങൾ ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിക്കുമ്പോഴുള്ള സമർപ്പണവും പ്രശ്നപരിഹാര ശേഷിയും മികവുറ്റതാണ്. നിങ്ങൾ ഇന്ത്യക്കു വേണ്ടി കളിച്ച മത്സരങ്ങളും നിങ്ങൾ സ്കോർ ചെയ്ത ഗോളുകളും- അത് വലിയ ഒരു നേട്ടമാണ്. സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും അടക്കമുള്ള യുവ താരങ്ങളോട് ഞാൻ സംസാരിച്ചിരുന്നു. നിങ്ങളെ നോക്കിക്കാണാനാണ് ഞാൻ അവരോട് പറഞ്ഞ്. നിങ്ങൾ കളിക്കുകയും കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന രീതി… ഞാൻ അവരോട് പറഞ്ഞു നിങ്ങളെ ഒരു മാതൃകയായി കാണാൻ”-ഐഎം വിജയൻ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിലിറങ്ങിയ ഫുട്ബോളറാണ് ഛേത്രി. 108 രാജ്യാന്തര മത്സരങ്ങളിലാണ് ഇന്ത്യൻ ക്യാപ്പിൽ ഇറങ്ങിയ ഛേത്രി 72 ഗോളുകളും നേടി. അന്ത്രാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ( 99 ഗോൾ ) ലയണൽ മെസ്സിയുടെയും ( 70 ഗോൾ ) ഇടയിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി.
പുതിയ കളിക്കാർ അടിത്തറയിൽ നിന്ന് വിട്ടുപോവാതിരിക്കണമെന്നും പ്രശസ്തി തലയിൽ കയറാതിരിക്കണമെന്നും ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളർമാരിലൊരാളായ ഐഎം വിജയൻ പറഞ്ഞു. “ഇത് ലളിതമായ ഒരു കാര്യമാണ്. ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്. നിങ്ങൾ നിങ്ങളുടെ കാലുകളാൽ ഫുട്ബോൾ കളിക്കുന്നു. പക്ഷേ അതിനെ തലയിലേക്ക് പോവാൻ അനുവദിക്കരുത്- മറിച്ചായാൽ അത് അപകടകരമായ വീഴ്ചയായിരിക്കും”- അദ്ദേഹം പറഞ്ഞു.
ഐഎം വിജയന്റെ ലാളിത്യത്തെക്കുറിച്ചും അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള സ്നേഹത്തെക്കുറിച്ചും സുനിൽ ഛേത്രി സംസാരിച്ചു.
ഒരു സൂപ്പർ താരത്തിന്റെ ലാളിത്യമുള്ള ഉദാഹരണം നിങ്ങൾക്ക് കാണണെമെങ്കിൽ ഇവിടെയുണ്ട്. ഫുട്ബോളിനോടുള്ള സ്നേഹത്താൽ മാത്രം അത് കളിച്ച ഒരാളെ കാണണമെങ്കിൽ ഇതാ ഇവിടെയുണ്ട്. എല്ലാതരത്തിലും മികവുള്ള എന്നാൽ മണ്ണിലിറങ്ങിനിൽക്കുന്ന ഒരാളെ നിങ്ങൾക്ക് കാണണമെങ്കിൽ അദ്ദേഹം ഇതാ ഇവിടുണ്ട്.”- ഛേത്രി പറഞ്ഞു.
Here’s the 7-a-side team picked by IM Vijayan when Sunil Chhetri expressed his desire to play alongside the veteran during Sunil’s Instagram live session #ElevenOnTen . pic.twitter.com/RhlZSCmw12
— The Barefooters (@The_Barefooters) May 10, 2020
ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനായിരുന്ന ഐഎം വിജയൻ 1992നും 2003നുമിടയിൽ 79 അന്തർദേശീയ മത്സരങ്ങളിൽനിന്നായി 40 ഗോളാണ് നേടിയത്. 2003നു ശേഷവും ക്ലബ്ബ് ഫുട്ബോളിൽ തുടർന്ന ഐഎം വിജയൻ 2005ൽ ചർച്ചിൽ ബ്രദേഴ്സിനുവേണ്ടി ഗോളടിച്ചത് കണ്ടതിനെക്കുറിച്ചുള്ള ഓർമകൾ ഛേത്രി പങ്കുവച്ചു.
“ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയായിരുന്നു വിജയൻ ആ സമയത്ത് കളിച്ചിരുന്നത്. ഞാൻ ആ കളി കാണുകയായിരുന്നു. പകരക്കാരനായാണ് അദ്ദേഹം ഇറങ്ങിയത്. അദ്ദേഹത്തെ അന്ന് ഫിറ്റ് ആയി തോന്നിയില്ല. ഒരു ക്രോസുണ്ടായിരുന്നു. രണ്ട് ഡിഫൻഡർമാരുണ്ടായിരുന്നു. പക്ഷേ പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്ന് അദ്ദേഹം പന്ത് നെഞ്ചിലെടുത്ത് ഗോൾ പോസ്റ്റിലേക്ക് തൊടുത്തു”- ഛേത്രി ഓർത്തെടുത്തു. അദ്ദേഹം ഗോൾ സ്കോർ ചെയ്തിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ഛേത്രി പറഞ്ഞു.
Read More | ‘I ask young players to take Sunil Chhetri as an example’: IM Vijayan