/indian-express-malayalam/media/media_files/uploads/2018/10/sunil-chethri.jpg)
ചരിത്ര മത്സരത്തിൽ ചൈനയ്ക്കെതിരെ സമനില പിടിച്ചുവാങ്ങി നിർണ്ണായക പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോളിൽ നിന്ന് അത്ര ശുഭകരമായ വാർത്തയല്ല പുറത്ത് വരുന്നത്. നായകൻ സുനിൽ ഛേത്രിയും പരിശീലകൻ കോൺസ്റ്റന്റൈനും തമ്മിലുള്ള പടല പിണക്കം മുറുകുന്നതായാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വാർത്തകൾ. ചൈനയ്ക്കെതിരായ മത്സരത്തിൽ പ്രതിരോധതാരം സന്ദേശ് ജിങ്കനെ ക്യാപ്റ്റനാക്കിയതിന് പിന്നിലുള്ള കാരണവും ഇത് തന്നെയാണെന്നാണ് കരുതുന്നത്.
കോണ്‍സ്റ്റന്റൈനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ഛേത്രിയുൾപ്പടെ അഞ്ച് മുതിര്‍ന്ന താരങ്ങൾ ഓൾ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. 2019ലെ ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാൻ കോണ്‍സ്റ്റന്റൈന്‍ പ്രാപ്തനല്ലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാൽ ജനുവരിയിൽ നടക്കുന്ന ഏഷ്യ കപ്പുവരെ കോണ്‍സ്റ്റന്റൈൻ തുടരുമെന്ന് ഫെഡറേഷൻ വ്യക്തമാക്കുകയായിരുന്നു.
34 കാരനായ ഛേത്രിയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയതും. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റോണാൾഡോക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് ഛേത്രി. സൂപ്പർ താരം മെസ്സിയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ്. എന്നാൽ 2015ൽ കോൺസ്റ്റന്റൈൻ വീണ്ടും ഇന്ത്യൻ പരിശീലക വേഷത്തിലെത്തിയതോടെ പലരും നായക സ്ഥാനത്ത് പരീക്ഷിക്കപ്പെട്ടു. സുബ്രതോ പോൾ, ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ അങ്ങനെ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യൻ ദേശീയ ടീം നായകരായി. പുതിയ വിവാദങ്ങള്‍ ടീമിന്റെ ഏഷ്യ കപ്പ് ഒരുക്കങ്ങളെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.