ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ മികച്ച പ്രകടനത്തോടെ കിരീടമുയർത്താനുള്ള ശ്രമത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ ടീമിന്റെ പരിശീലന ക്യാമ്പിൽ ഒരു വിശിഷ്ട സന്ദർശകനെത്തി. ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയാണ് ബാംഗ്ലൂർ ടീം അംഗങ്ങളെ കാണാൻ എത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഉയർത്തിയ ബെംഗളൂരു എഫ്സി ടീമിന്റെ നായകനും സുനിൽ ഛേത്രിയായിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലനം നടത്തുന്ന സ്റ്റേഡിയത്തിലെത്തിയ സുനിൽ ഛേത്രിയെ വിരാട് കോഹ്‌ലി സ്വീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ബാംഗ്ലൂരിന് എല്ലാവിധ ആശംസകൾ സുനിൽ ഛേത്രിയും നേർന്നു.

സുനിൽ ഛേത്രിയുടെ സന്ദർശനത്തിന് പിന്നാലെ വിരാട് കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. സുനിൽ ഛേത്രിയുടെ സന്ദർശനം ഏറെ സന്തോഷം പകർന്നു എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോഹ്‌ലിയുടെ ട്വീറ്റ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ഗോവയെ തോൽപ്പിച്ചാണ് ബെംഗളൂരു എഫ്സി കന്നി കിരീടമുയർത്തിയത്. ഇഞ്ചുറി ടൈമിൽ രാഹുൽ ബെക്കെ നേടിയ ഏകപക്ഷിയമായ ഒരു ഗോളിനാണ് ബെംഗളൂരു കഴിഞ്ഞ തവണ നഷ്ടമായ കിരീടം ഇത്തവണ ഉയർത്തിയത്.

വലിയ താരനിരയുണ്ടായിട്ടും ഇതുവരെ ഐപിഎല്ലിൽ കിരീടമുയർത്താൻ സാധിക്കാത്ത ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മൂന്ന് തവണ ഫൈനൽ വരെ എത്തിയെങ്കിലും അവസാന മത്സരത്തിൽ കിരീടം എതിരാളികൾക്ക് മുന്നിൽ അടിയറവ് വെയ്ക്കുന്ന പതിവാണ് ബാംഗ്ലൂരിനുള്ളത്. ഇത്തവണ ആ ചീത്തപേര് മാറ്റികുറിയ്ക്കുകയാണ് ചലഞ്ചേഴ്സിന് മുന്നിലുള്ള ചലഞ്ച്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook