ജോർദ്ദാനെതിരായ സൗഹൃദ പോരാട്ടത്തിനുള്ള ഇന്ത്യൻ നിരയിൽ നിന്ന് നായകൻ സുനിൽ ഛേത്രി കളിക്കില്ല. പരുക്ക് മൂലമാണ് താരത്തിന് മത്സരം നഷ്ടമാകുന്നത്. നവംബർ 17 ന് ജോർദാനിലെ അമ്മാനിലാണ് മത്സരം.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെം​ഗളൂരു എഫ്‌സി താരമായ ഛേത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് പരുക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സന്ദേശ് ജിം​ഗന്റെ ടാക്കിളിലാണ് ഛേത്രിക്ക് പരുക്കേറ്റത്. എന്നാൽ പരുക്ക് വകവയ്ക്കാതെ ഛേത്രി മുഴുവൻ സമയവും കളിക്കുകയായിരുന്നു.

അതേസമയം, പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ജനുവരിയിൽ എഷ്യകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ നിലവിൽ താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

ഛേത്രിയുടെ ഒഴിവിൽ ഉപനായകനും കേരള ബ്ലാസ്റ്റേഴ്സ് നായകനുമായ സന്ദേശ് ജിങ്കനാകും ഇന്ത്യയെ നയിക്കുക. കഴിഞ്ഞ മാസം ചൈനയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലും ജിങ്കനായിരുന്നു ഇന്ത്യൻ നായകൻ.

മത്സരത്തിൽ ഇന്ത്യൻ ജഴ്സിയിൽ രണ്ട് മലയാളി താരങ്ങളുമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ പ്രതിരോധത്തിന് കോട്ട കെട്ടാൻ സീനിയർ താരം അനസ് എടത്തൊടികയും. മധ്യനിരയിൽ തന്ത്രങ്ങൾ മെനയാൻ യുവതാരം ആഷിഖ് കരുണിയനും എത്തിയേക്കാം. ജോർദ്ദാനെതിരായ 30 അംഗ സാധ്യത ടീമിൽ ഇരുവരും ഇടംപിടിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook