മലപ്പുറം: ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാം കേരളത്തിൽ സെവൻസ് ഫുട്ബോൾ കളിക്കാനിറങ്ങുന്നു. സി.കെ.വിനീതും മുഹമ്മദ് റാഫിയും ജെ.ജെ.ലാൽപെകലുവയും അനസും സക്കീറും ആഷിഖും രഹനേഷും എല്ലാവരും അണിനിരക്കുന്ന കാൽപ്പന്ത് കളിയുടെ മാമാങ്കത്തിനാണ് എടവണ്ണ സീതി ഹാജി സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

നാളെ വൈകിട്ടാണ് മൽസരത്തിന്റെ ഉദ്ഘാടനം നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ സോക്കർ അല 2018 എന്ന പേരിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 15 ദിവസമാണ് നീണ്ടുനിൽക്കുക. എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് കൊമ്പുകോർക്കുന്നത്.

കേരള പൊലീസ്, തിരൂർ സാറ്റ്, കോവളം എഫ്‌സി, സോക്കർ സുൽത്താൻസ് അരീക്കോട്, കോഴിക്കോട് സാമുറായ്, പ്രീമിയർ മഹീന്ദ്ര മലപ്പുറം, വണ്ടൂർ വാരിയേഴ്‌സ്, എടവണ്ണ സ്‌ട്രൈക്കേഴ്‌സ് ടീമുകളാണ് മൽസരിക്കാനിറങ്ങുന്നത്.

അനസും രഹനേഷും കോഴിക്കോട് സാമുറായ്ക്ക് വേണ്ടി കളിക്കാനിറങ്ങുമെന്ന് സംഘാടകരായ എടവണ്ണ സ്ട്രൈക്കേഴ്സിന്റെ സെക്രട്ടറി ഷാഹുൽ പറഞ്ഞു. സി,കെ,വിനീതും ആഷിഖും എടവണ്ണ സ്ട്രൈക്കേഴ്സിന്റെ താരങ്ങളായാണ് മൈതാനത്തെത്തുക. സക്കീർ സോക്കർ സുൽത്താൻ അരീക്കോടിന് വേണ്ടിയും ജെജെ പ്രീമിയർ മഹീന്ദ്ര മലപ്പുറത്തിന് വേണ്ടിയും കളിക്കും.

അതേസമയം, സുനിൽ ഛേത്രി കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രതിഫലം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുളളൂവെന്ന് ഷാഹുൽ പറഞ്ഞു. വണ്ടൂർ ടീമിന് വേണ്ടിയാണ് താരത്തെ ക്ഷണിച്ചത്. എന്നാൽ മറ്റുളള താരങ്ങൾക്കെല്ലാമായി ആകെ ചെലവഴിക്കുന്ന പണം സുനിൽ ഛേത്രിക്ക് വേണ്ടി മാത്രമായി ചെലവഴിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അനസ് എടത്തൊടികയാണ് ടൂർണമെന്റിന്റെ ബ്രാന്റ് അംബാസഡർ. ഐഎസ്എൽ താരങ്ങൾക്ക് പുറമെ, ഐ ലീഗ്, സന്തോഷ് ട്രോഫി കളിക്കാരും വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും താരങ്ങൾ കളിക്കാനിറങ്ങുന്നുണ്ടെന്ന് ഷാഹുൽ വ്യക്തമാക്കി.

കേരള ഫുട്ബാൾ അസോസിയേഷൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്നിവയുടെ അംഗീകാരത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ