മൊഹാലി: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ സ്പിന്നർ വാഷിങ്ടൺ സുന്ദറിന് കന്നിവിക്കറ്റ്. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് സുന്ദർ ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയത്.

ബാറ്റ്സ്മാനെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സുന്ദറിന്റെ ബോളിങ് ആക്ഷൻ തന്നെയാണ് ഏറ്റവും പ്രധാനം. 18 വയസ് പിന്നിട്ട് 69 ദിവസം മാത്രം കഴിഞ്ഞ സുന്ദർ ഇന്ത്യൻ നിരയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ്.

ലങ്കൻ ബാറ്റ്സ്മാൻ ലഹിരു തിരുമനെയാണ് വാഷിങ്ടൺ സുന്ദറിന്റെ ആദ്യ വിക്കറ്റ് നേട്ടം. മാത്യൂസിനൊപ്പം മൂന്നാം വിക്കറ്റിൽ കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ച തിരുമനെയുടെ ഓഫ് സ്റ്റംപ് സുന്ദറിന്റെ ഇൻസ്വിംഗർ പന്തിൽ തെറിക്കുന്ന കാഴ്ചയ്ക്കാണ് മൊഹാലിയിലെ മൈതാനം സാക്ഷിയായത്.

ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയാണ് വാഷിങ്ടൺ സുന്ദറിന് ടീം ക്യാപ് സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ 208* റൺസിന്റെ മികവിൽ 392 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റന്റെ ഇരട്ടസെഞ്ചുറി നേട്ടത്തിന് പിന്നാലെ കന്നി മത്സരത്തിന് ഇറങ്ങിയ സുന്ദറും ഇന്ത്യൻ ക്യാംപിന് ആഹ്ലാദം നൽകിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ