ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര പൊടിപൊടിക്കുകയാണ്. ലോകകപ്പ് ഫൈനലിനെ ഓര്‍മ്മപ്പെുത്തിയ സൂപ്പര്‍ ഓവര്‍ ത്രില്ലറടക്കം പരമ്പര മൊത്തത്തില്‍ ആവേശകരമാണ്. താരങ്ങളും ജയം മാത്രം മുന്നില്‍ കണ്ടാണ് കളിക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തിനിടെയുണ്ടായ രസകരമായൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലറെ പുറത്താക്കാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ധോണി സ്‌റ്റൈലില്‍ നടത്തിയ റണ്‍ ഔട്ടാണ് വൈറലാകുന്നത്. സൂപ്പര്‍ ഓവറിലൂടെ ഇംഗ്ലണ്ട് പരമ്പര നേടിയ അവസാന മത്സരത്തിലേതാണ് വീഡിയോ. ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലന്‍ഡായിരുന്നു. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോയും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിന് സമ്മാനിച്ചത്. 83 റണ്‍സ് രണ്ടു പേരും കൂട്ടിച്ചേര്‍ത്തു.

മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി റോസ് ടെയ്‌ലര്‍ കളി തുടരുമ്പോഴായിരുന്നു പുറത്താക്കപ്പെടുന്നത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ 11-ാം ഓവറിലെ അവസാന പന്തിലായിരുന്നു പുറത്താകല്‍. ധോണിയെ ഓര്‍മ്മിപ്പിക്കും വിധം സ്റ്റമ്പിലേക്ക് നോക്കാതെയായിരുന്നു ബില്ലിങ്‌സ് ടെയ്‌ലറെ റണ്‍ ഔട്ട് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook