ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുകയെന്ന ചരിത്ര നേട്ടം കൈവരിച്ച ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സിങ്. കരിയറിന്റെ തുടക്ക കാലത്ത് യുവരാജിന്റെ കൈക്കരുത്ത് നന്നായി അറിഞ്ഞിട്ടുള്ള ബൗളറാണ് ബ്രോഡ്.
മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത് വെയ്റ്റിനെ പുറത്താക്കിയാണ് 34 വയസ്സുകാരനായ ബ്രോഡ് 500 വിക്കറ്റ് തികച്ചത്.
ഇംഗ്ലീഷ് ബൗളറുടെ കഠിനാദ്ധ്വാനത്തേയും നേട്ടത്തേയും അഭിനന്ദിക്കാന്‍ യുവരാജ് ട്വിറ്ററിലൂടെ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.
Read Also: ബോളറെ പൂർണമായും വിശകലനം ചെയ്യും; പന്ത് നേരിടാൻ തയ്യാറാകുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി കോഹ്ലി
“ഞാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് എപ്പോള്‍ എഴുതിയാലും ആളുകള്‍ അതിനെ ആറ് സിക്സുകള്‍ വഴങ്ങിയതുമായി താരതമ്യപ്പെടുത്തും. അദ്ദേഹത്തിന്റെ നേട്ടത്തിന് കൈയടി നല്കാന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു. 500 ടെസ്റ്റ് വിക്കറ്റുകള്‍ എന്നതൊരു തമാശയല്ല. അതിന് കഠിനാധ്വാനവും ആത്മസമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. ബ്രോഡി നിങ്ങളൊരു ഇതിഹാസമാണ്. ഹാറ്റ്സ് ഓഫ്,” യുവരാജ് ട്വീറ്റ് ചെയ്തു.
ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിക്സറുകള്‍ പറത്തിയത് ഇതിഹാസമായി നിലനില്ക്കുന്നു. 2007 സെപ്തംബറില്‍ ഡര്‍ബനില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തിലാണ് ബ്രോഡിന്റേയും യുവരാജിന്റേയും കരിയറുകളില്‍ മായ്ക്കാനാകാത്ത ഓവര്‍ പിറന്നത്.
19-ാം ഓവറിലെ എല്ലാ പന്തുകളും സിക്സര്‍ പായിച്ച യുവരാജ് 12 പന്തില്‍ നിന്നും അര്‍ദ്ധ സെഞ്ച്വറി നേടി. ടി20യിലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയായി അത് ഇപ്പോഴും നിലനില്ക്കുന്നു.
കിങ്സ്മീഡിലെ ആ മറക്കാനാകാത്ത രാത്രിക്കുശേഷം ബ്രോഡ് 140 ടെസ്റ്റുകളും 121 ഏകദിനങ്ങളും 56 ടി20കളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലുമായി ബ്രോഡ് 744 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
Read in English: Stuart Broad you’re a legend: Yuvraj Singh asks fans to look beyond six sixes