രാജ്യാന്തര വേദികളിൽ ഇന്ത്യയ്ക്ക് വേണ്ടി ചുരുക്കം മത്സരങ്ങൾ മാത്രം കളിച്ച താരമാണ് ഓൾറൗണ്ടർ കൂടിയായ സ്റ്റുവർട്ട് ബിന്നി. എന്നാൽ ചുരുങ്ങിയ കരിയറിൽ തന്നെ പലതവണ മികച്ച പ്രകടനവുമായി അദ്ദേഹം ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. 2014ൽ ബംഗ്ലാദേശിനെതിരെ നാല് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതുൾപ്പടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ താരത്തിനായി.
അത്തരത്തിലൊരു ഇന്നിങ്സായിരുന്നു 2014 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. തന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹീറോയിക് പ്രകടനമാണ് ബിന്നി പുറത്തെടുത്തത്. അതിന് കാരണം അന്നത്തെ നായകൻ എംഎസ് ധോണിയാണെന്ന് ബിന്നി പറയുന്നു. സമനില ഉറപ്പാക്കുന്നതിന് മൂന്ന് സെഷനിലും ബാറ്റ് ചെയ്യേണ്ടത് അത്യാവശ്യമായിരുന്ന ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് മുമ്പ് തന്നോട് ധോണി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വാചാലനായിരിക്കുകയാണ് ബിന്നി.
Also Read: യുവതാരങ്ങൾക്കും അവസരം; ഓസ്ട്രേലിയയിലേക്ക് പറക്കുക 26 അംഗ ഇന്ത്യൻ ടീം
എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു മഹി ഭായിയിൽ (എംഎസ് ധോണി) 281-ാം നമ്പർ ടെസ്റ്റ് ക്യാപ് സ്വന്തമാക്കിയത്. ആ ടെസ്റ്റിന്റെ അവസാനം ദിവസം ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യ ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായ എനിക്ക് അന്ന് കിടന്നുറങ്ങാനും സാധിച്ചില്ല. എന്നാൽ മത്സരം സമനിലയിലാക്കാൻ ടീം ശരിക്കും പണിപ്പെടേണ്ടി വരുമെന്ന ഘട്ടത്തിൽ നീ ഇന്ന് 4.5 മണിക്കൂർ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.
Also Read: തിരിച്ചുവരവിനുള്ള വാതിൽ ഇനിയും ധോണിയുടെ മുന്നിൽ തുറന്ന് കിടക്കുന്നു
തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന തരത്തിൽ ബിന്നി ധോണിയെ നോക്കിയെങ്കിലും മത്സരം നിലനിർത്തണമെങ്കിൽ അത് ആവശ്യമാണെന്നായിരുന്നു ധോണിയുടെ മറുപടിയെന്നും ബിന്നി ഓർക്കുന്നു. അന്ന് 78 റൺസുമായി തിളങ്ങിയ ബിന്നി മത്സരം സമനിലയിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നായകനെന്ന നിലയിൽ ധോണിയുടെ ആ വാക്കുകളാണ് തനിക്ക് തിളങ്ങാൻ സഹായിച്ചതെന്നും ബിന്നി പറഞ്ഞു.