ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായത് ഉള്‍ക്കൊള്ളാന്‍ സമയമെടുത്തെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. നിര്‍ണായക മത്സരത്തില്‍ ധോണി പുറത്തായപ്പോള്‍ തനിക്ക് കരച്ചില്‍ അടക്കാനായില്ലെന്നും ചാഹല്‍ പറഞ്ഞു.
240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 49-ാം ഓവറിലാണ് ധോണിയെ നഷ്ടമാകുന്നത്. ഇതിന് പിന്നാലെ ക്രീസിലേക്ക് എത്തിയത് ചാഹലായിരുന്നു. ജഡേജയുമൊത്ത് 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെയാണ് ധോണി പുറത്താകുന്നത്.92-6 എന്ന നിലയില്‍ നിന്നും 208-7 എന്ന നിലയിലേക്ക് ടീമിനെ ഇരുവരും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു ധോണി പുറത്താകുന്നത്. ധോണി പുറത്തായതോടെ ലോകകപ്പ് തങ്ങള്‍ക്ക് നഷ്ടമായെന്ന് ഉറപ്പായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു. ധോണിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ചാഹലിന് അഞ്ച് റണ്‍സാണ് എടുക്കാനായത്. 18 റണ്‍സിന്റെ വിജയവുമായി ന്യൂസിലന്‍ഡ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.
”എന്റെ ആദ്യ ലോകകപ്പായിരുന്നു. ധോണി ഭായ് പുറത്താകുമ്പോള്‍ ഞാന്‍ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് പോവുകയായിരുന്നു. വളരെ സങ്കടം തോന്നി. ഞാന്‍ കരച്ചില്‍ അടക്കാന്‍ പാടുപെടുകയായിരുന്നു. ഒമ്പത് കളിയിലും നന്നായി കളിച്ച ഞങ്ങള്‍ പെട്ടെന്ന് പുറത്താകുന്നു. മത്സരശേഷം വേഗം ഹോട്ടലിലേക്ക് പോകണമെന്ന് ആദ്യമായി അന്നാണ് തോന്നിയത്” ചാഹല്‍ പറഞ്ഞു.