ലണ്ടന്‍: ലണ്ടനില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്ന ട്രാക്കിലേക്ക് ഒരു വേള നഗ്നനായ ഒരു മനുഷ്യന്‍ ഓടിക്കയറി. ‘സമാധാനം, സ്നേഹം’ എന്നീ വാക്കുകള്‍ നെഞ്ചിന് മുകളില്‍ എഴുതി വസ്ത്രം ഒന്നും ധരിക്കാതെ ഇയാള്‍ 40 മീറ്ററോളം അതായത് കൃത്യം 14 സെക്കന്റ് ട്രാക്കിലൂടെ ഓടി. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ 100 മീറ്ററില്‍ മത്സരിക്കാന്‍ എത്തുന്നതിനും മിനുറ്റുകള്‍ക്ക് മുമ്പാണ് നീണ്ടമുടിയുളള ഇയാള്‍ ട്രാക്കിലേക്ക് കയറിയത്.

പിന്‍കഴുത്തിന് താഴെ ‘ഉത്തേജകമരുന്ന് വേണ്ട’ എന്ന വാചകവും ഇയാള്‍ എഴുതിയിരുന്നു. ജസ്റ്റിന്‍ ഗാട്ലിനെ രണ്ട് തവണ ഉത്തേജക മരുന്ന് ഉപയോഗിച്ച് പിടിച്ചതിനെ വിമര്‍ശിച്ചായിരുന്നു ഈ വാചകമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇയാള്‍ക്ക് 100 മീറ്റര്‍ ഓടാന്‍ സാധിച്ചില്ല. ഫിനിഷിംഗ് ലൈനില്‍ നിന്നും 60 മീറ്റര്‍ അകലെ സുരക്ഷാ ജീവനക്കാര്‍ നഗ്ന ഓട്ടക്കാരന് തടയിട്ടു. റോയിറ്റേഴ്സാണ് ചിത്രം പുറത്തുവിട്ടത്.

സ്വര്‍ണവുമായി ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിട പറയുന്നത് കാണാനായിരുന്നു ഇയാളുടേയും ആഗ്രഹമെങ്കിലും ക്ലൈമാക്‌സ് വെട്ടിത്തിരുത്തി അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ നേരത്തേ ഫിനിഷിംഗ് പോയിന്റിലെത്തി. വിഷാദ മുഖവുമായി ബോള്‍ട്ട് ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ ആ വിഷാദം ആരാധകരുടെ മുഖത്തും പ്രതിഫലിച്ചു.

എന്നാല്‍ ബോള്‍ട്ടിന്റെ നിരാശയെല്ലാം ഒന്നാമനായ ഗാട്‌ലിന്റെ ആദരത്തിന് മുന്നില്‍ സന്തോഷത്തിലേക്ക് വഴിമാറി. തന്നെ കൂക്കിവിളികളോടെ എതിരേറ്റ കാണികള്‍ക്കുള്ള മറുപടി കൂടിയായി ഗാട്‌ലിന്റെ ആ ആദരം. കാണികളോട് മിണ്ടാതിരിക്കാന്‍ ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ച ഗാട്‌ലിന്‍ ഇതിഹാസ താരത്തിന് മുന്നില്‍ മുട്ടുകുത്തി. ഉത്തേജക മരുന്നിന്റെ പേരില്‍ 2006 മുതല്‍ നാലു വര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിന്‍ ട്രാക്കിലേക്ക് മടങ്ങിവന്നത്. അമേരിക്കന്‍ താരത്തെ കാണികള്‍ കൂകിവിളികളോടെ എതിരേറ്റതിന് പിന്നിലെ കാരണവും ഇതു തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ