ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ പഞ്ചാബിന്റെ ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ബോളിങിൽ പുറത്തെടുത്ത പുതിയ ആയുധമായിരുന്നു മനോജ് തിവാരി. താരത്തിന്റെ ബോളിങിന് മുന്നിൽ ബാറ്റ്സ്‌മാന്മാർ മാത്രമല്ല, അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് ലോകം ഒന്നാകെ അമ്പരന്നു.

തുടക്കത്തിൽ വിക്കറ്റുകൾ പിഴുത് ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കിയ പഞ്ചാബിന് പക്ഷെ വെല്ലുവിളി ആത് ഷാക്കിബ് അൽ ഹസനും മനോജ് തിവാരിയും ചേർന്നുളള കൂട്ടുകെട്ടാണ്. ഇത് പൊളിക്കാനുളള പണിയായാണ് ബോളിങിൽ ഏറെയൊന്നും പരിചയമില്ലാത്ത മനോജ് തിവാരിയെ അശ്വിൻ രംഗത്തിറക്കിയത്.

വളരെ കുനിഞ്ഞ് കൈവീശി പന്തെറിഞ്ഞ താരത്തിന്റെ ബോളിങ് കണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം സ്തബ്ധരായെന്ന് പറയാതെ വയ്യ. അത്രയ്ക്ക് വിചിത്രമായിരുന്നു ബോളിങ്. വിചിത്രമായ ബോളിങിന് മുന്നിൽ ബൗണ്ടറി നേടാനായില്ലെങ്കിലും ഹൈദരാബാദിന് ഇത് ഇന്നിംഗ്സിലെ ഏറ്റവും നല്ല ഓവറായിരുന്നു.

മത്സരത്തിലെ എട്ടാം ഓവർ എറിയാനാണ് മനോജ് തിവാരിയെ രംഗത്തിറക്കിയത്. ഈ ഒരൊറ്റ ഓവർ മാത്രമേ തിവാരി എറിഞ്ഞുളളൂ. എക്സ്ട്രാ ആയി ലഭിച്ച മൂന്ന് റൺസടക്കം ആകെ പത്ത് റൺസാണ് ഹൈദരാബാദിന് ഇതിലൂടെ നേടാനായത്.

വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ