ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം പാക്കിസ്ഥാൻ ടീമിന് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ക്രിക്കറ്റ് കളിയിലെ വൈരം കളിക്കളം കടന്നും ശത്രുതയിലേയ്ക്ക് നീങ്ങുന്ന നാളിൽ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. അല്ലേ, പക്ഷേ സംഗതി കളിയല്ല, കാര്യമാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതായത് കളിയുടെ പേരിലും രാജ്യങ്ങളുടെ പേരിലും തമ്മിലടിക്കും മുമ്പ് ​ഈ യാഥാർത്ഥ്യം കൂടി അറിഞ്ഞിരിക്കണം. അബ്ദുള്‍ ഹഫീസ് ഖര്‍ദാറാണ് ഇത്തരത്തില്‍ ആദ്യമായി ഇരു ടീമുകളേയും പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്.

സ്വാതന്ത്ര്യത്തിന് മുമ്പ് 1946 ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ അവിഭജിത ഇന്ത്യന്‍ ടീമിനായാണ് അബ്ദുള്‍ ഖര്‍ദാര്‍ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും കളത്തിലിറങ്ങിയ ഖര്‍ദാര്‍ അഞ്ച്‌ ഇന്നിംഗ്‌സുകളിലായി നേടിയത് 80 റണ്‍സായിരുന്നു. ലോഡ്സിലെ അരങ്ങേറ്റ ടെസ്റ്റില്‍ നേടിയ 43 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 1947 ലെ വിഭജനത്തിനത്തോടെ ഇസ്ലാമാബാദ് സ്വദേശിയായ അബ്ദുള്‍ ഖര്‍ദാര്‍ സ്വാഭാവികമായും പാകിസ്ഥാന്‍ പൗരനായി. 46 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ശേഷം അബ്ദുള്‍ ഖര്‍ദാര്‍ വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത് പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായാണ്.

1952 ഒക്ടോബര്‍ 16ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഖര്‍ദാര്‍ അരങ്ങേറി. ഇന്ത്യക്കെതിരെയായിരുന്നു ഖര്‍ദാറിന്റെ രണ്ടാം അരങ്ങേറ്റം എന്നതും കൗതുകരമാണ്. ദില്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഖര്‍ദാറിന്റെ സംഘം രണ്ടാം മത്സരത്തില്‍ ഉജ്വലമായി തിരിച്ച് വന്നു. ലക്‌നൗവിൽ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിംഗ്‌സിനും 43 റണ്‍സിനും മറികടന്ന് പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിജയം കുറിച്ചു. 1952 മുതല്‍ 58 വരെയുള്ള കാലയളവില്‍ 23 ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ നയിച്ച ഖര്‍ദാര്‍ 6 എണ്ണത്തിലാണ് ജയം കൊയ്തതെടുത്തത്. 1958ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അബ്ദുള്‍ ഖര്‍ദാര്‍ പിന്നീട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഖര്‍ദാറിന് പുറമെ ഗുല്‍ മുഹമ്മദ്, അമീര്‍ എലാഹി എന്നീ താരങ്ങളും ഇന്ത്യ-പാക്കിസ്ഥാന്‍ ടീമുകള്‍ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അബ്ദുള്‍ ഖര്‍ദാറിനൊപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തന്നെയാണ് ഗുല്‍ മുഹമ്മദും അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന ഗുല്‍ മുഹമ്മദ് 1947 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 1952 വരെ ഇന്ത്യക്കായി എട്ട് ടെസ്റ്റുകള്‍ കളിച്ച ഗുല്‍ മുഹമ്മദ് 1955 ല്‍ പാക്കിസ്ഥാന്‍ പൗരത്വം സ്വീകരിച്ചു. ഇതിനു ശേഷം 1956 ലെ ഓസ്‌ട്രേലിയക്ക് എതിരായ കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന് വേണ്ടി ആദ്യമായും അവസാനമായും ഗുല്‍ മുഹമ്മദ് കളത്തിലിറങ്ങി.

1947ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അമിര്‍ ഇലാഹിയും ഇരു രാജ്യങ്ങളെയും ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റില്‍ ഇന്ത്യയെ പ്രതനിധീകരിച്ച അമിര്‍ ഇലാഹി പിന്നീട് പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങി. 1952 ലെ ഇന്ത്യക്ക് എതിരായ അഞ്ച് മത്സരങ്ങളിലും പാക്കിസ്ഥാന്‍ കുപ്പായം അണിഞ്ഞെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആ പരമ്പരയോടെ തന്നെ അമിര്‍ ഇലാഹിയുടെ കരിയറിനും തിരശ്ശീല വീണു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ