ന്യൂഡല്‍ഹി: ചേട്ടന്മാര്‍ക്ക് പിന്നാലെ അനിയന്മാരും ഏഷ്യാ കപ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. ഇന്ത്യന്‍ നിരയില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു യശ്വസി ജയ്‌സ്വാളെന്ന മിടുക്കന്‍. ഫൈനലിലെ ടോപ് സ്‌കോററായിരുന്നു യശ്വസി. ഫൈനലില്‍ 85 റണ്‍സ് നേടി ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ച യശ്വസി ജയ്സ്വാള്‍ ടൂര്‍ണ്ണമെന്റില്‍ 318 റണ്‍സായിരുന്നു നേടിയത്. അതും 79.50 എന്ന ആവറേജില്‍.

എന്നാല്‍ അണ്ടര്‍ 19 ടീമിലേക്കുള്ള യശ്വസിയുടെ യാത്ര അത്ര സുഗമമായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളോട് മത്സരിച്ചായിരുന്നു താരം ഇന്ത്യന്‍ ജഴ്സി സ്വന്തമാക്കിയത്. കളിയോടുള്ള ഇഷ്ടം കാരണം പത്താം വയസില്‍ സ്വന്തം വീടു വിട്ട് മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയവനാണ് യശ്വസി. അച്ഛന്‍ ഭൂപേന്ദ്ര ജയ്സ്വാള്‍ ഗ്രാമത്തില്‍ ചെറിയൊരു ഹാര്‍ഡ്വേര്‍ ഷോപ്പ് നടത്തുകയാണ്. ഗ്രാമത്തില്‍ നിന്നുകൊണ്ട് ക്രിക്കറ്റ് സ്വപ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് പത്തുവയസുകാരനെ അമ്മാവന്റെ വീട്ടിലേക്ക് എത്തിച്ചത്.

പക്ഷെ മുംബൈയിലെ ജീവിതം കൊച്ചു യശ്വസിയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായിരുന്നില്ല. ദാദറില്‍ നിന്നും ആസാദ് മൈതാനത്തേക്ക് ദിവസവും ഉള്ള യാത്ര ദുഷ്‌കരമായിരുന്നു. അതുകൊണ്ട് തന്നെ കല്‍ബാദേവിയിലുള്ള ഡയറിയിലേക്ക് താമസം മാറാന്‍ താരം തീരുമാനിച്ചു. എന്നാല്‍ മുഴുവന്‍ സമയം ക്രിക്കറ്റില്‍ ശ്രദ്ധചെലുത്തിയപ്പോള്‍ യശ്വസിയ്ക്ക് ഡയറിയിലെ പണിയില്‍ ശ്രദ്ധിക്കാനായില്ല. ഒരു ദിവസം താമസസ്ഥലത്ത് തിരിച്ചെത്തിയ താരം തന്റെ സാധനങ്ങള്‍ റൂമിനു പുറത്ത് കിടക്കുന്നതാണ് കണ്ടത്.

ഇതോടെ കിടക്കാനിടമില്ലാതെ അലഞ്ഞ യശ്വസിയ്ക്ക് മുന്നില്‍ ദൈവദൂതനെ പോലെ മുസ്‌ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ സഹായവുമായി എത്തുകയായിരുന്നു. ആസാദ് മൈതാനത്തിനു സമീപത്ത് തന്നെ ഒരു ടെന്റായിരുന്നു കുട്ടി ക്രിക്കറ്ററുടെ താമസത്തിനായ് ഇമ്രാന്‍ കണ്ടെത്തിയ പോംവഴി.

‘ഞങ്ങള്‍ അവനോട് വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ക്രിക്കറ്റ് താരമാകാതെ നാട്ടിലേക്ക് വരില്ലെന്നായിരുന്നു അവന്റെ മറുപടി. ടെന്റില്‍ താമസിക്കുന്നത് അവന് സന്തോഷമായിരുന്നു. ‘ഗ്രൗണ്ടില്‍ തന്നെ താമസിക്കുമ്പോള്‍ എല്ലാം വളരെ എളുപ്പമാണ്, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് കാണാന്‍ കഴിയും. ടെന്റിലെ ജീവിതത്തെക്കുറിച്ച് അവനെന്നോട് അങ്ങിനെയാണ് പറഞ്ഞത് ‘ യശ്വസിയുടെ അമ്മ പറയുന്നു.

അവിടെയും പണത്തിനുള്ള മാര്‍ഗ്ഗം കണ്ടത്തേണ്ടതുണ്ടായിരുന്നു. ഒരു ഭക്ഷണശാലയില്‍ പണിയെടുക്കാന്‍ യശ്വസി തീരുമാനിച്ചു. പ്രാക്ടീസ് ഇല്ലാത്ത നേരങ്ങളില്‍ ടേബിള്‍ തുടച്ചും പാത്രം കഴുകിയും മറ്റ് പണിയെടുത്തുമെല്ലാം അവന്‍ പണമുണ്ടാക്കി. പലപ്പോഴും ഒപ്പം കളിക്കുന്നവര്‍ ഭക്ഷണം കഴിക്കാനായി അവിടെ എത്തുമായിരുന്നു. വേദനയോടെ താന്‍ അവര്‍ക്ക് ഭക്ഷണം വിളമ്പിയതൊക്കെ യശ്വസി ഇപ്പോഴും നിറകണ്ണുകളോടെയാണ് ഓര്‍ക്കുന്നത്. അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ആ കുട്ടിയ്ക്ക് മുന്നിലുണ്ടായിരുന്നില്ല.

അവസരങ്ങള്‍ കിട്ടാതെ വന്നതോടെ തിരികെ മടങ്ങാന്‍ യശ്വസി തീരുമാനിച്ചു. ഇതിനിടെയാണ് പരിശീലകന്‍ ജ്വാല സിങ്ങിന്റെ ശ്രദ്ധയില്‍ യശ്വസി പെടുന്നത്. ‘മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന യശ്വസി തന്നെ ഏറെ ആകര്‍ഷിച്ചിരുന്നെന്നാണ് പരിശീലകന്‍ പറയുന്നത്.

‘എനിക്കവനെ സഹായിക്കണമായിരുന്നു. കാരണം അവന്റെ ജീവിതം എന്റേതിനു തുല്യമായിരുന്നു. ഞാന്‍ യുപിയില്‍ നിന്ന് മുംബൈയിലെത്തിയത് ക്രിക്കറ്റ് കളിക്കാനായിരുന്നു. അതുകൊണ്ട് എനിക്കറിയാം എന്തെല്ലാം പ്രതിസന്ധികളെയാണ് അവന്‍ നേരിട്ടതെന്ന്. അവന്‍ ടെന്റിലാണ് കഴിഞ്ഞത്, തോട്ടക്കാരുടെയും പണിക്കാരുടെയും ഒപ്പം. അവന് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്ത് ഞാന്‍ കൂടെ കൂട്ടുകയായിരുന്നു’ ജ്വാല സിങ് പറയുന്നു.

ഇതോടെ യശ്വസിയെ അദ്ദേഹം ഏറ്റെടുത്തു. താമസം തന്റെ ഒപ്പമാക്കി. എ ഡിവിഷന്‍ ബോളര്‍മാരെപോലും വളരെ അനായാസമായി യശ്വസി നേരിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടാണ് ജ്വാല അവനെ ഏറ്റെടുക്കുന്നത്.

എന്നാല്‍ പിന്നീടങ്ങോട്ട് ജ്വാല സിങ്ങിന്റെ ശിക്ഷണത്തില്‍ പുതിയൊരു താരം ഉദിക്കുകയായിരുന്നു. ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ കളിച്ച യശ്വസി ലോക റെക്കോര്‍ഡ് നേടിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പുറത്താകാതെ 319 നേടുകയും ബോളിങ്ങില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത യശ്വസിയുടെ പേരിലാണ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ ഉയര്‍ന്ന റണ്‍സിന്റെയും വിക്കറ്റിന്റെയും റെക്കോര്‍ഡ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook