പെര്‍ത്ത്: ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തെളിയിക്കാന്‍ ഇനിയും ബാക്കിയുണ്ടെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനം കൊണ്ട് ഋഷഭ് പന്ത് വാര്‍ത്തകളില്‍ നിറയുകയാണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പന്തിന്റെ വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തതായിരുന്നു. എന്നാലിന്ന് പെര്‍ത്ത് ടെസ്റ്റില്‍ ഇതേ തിരക്കഥ വീണ്ടും അരങ്ങേറിയപ്പോള്‍ പന്തിന് കിട്ടിയത് ആരാധകരുടെ രോക്ഷമാണ്.

കളിക്കിടെ ഇന്ന് പന്ത് നിര്‍ദ്ദേശം കൊടുത്തത് സാക്ഷാല്‍ വിരാട് കോഹ്ലിയ്ക്ക് തന്നെയായിരുന്നു. ഹനുമ വിഹാരിയുടെ ഓവറിലായിരുന്നു സംഭവം. കോഹ്ലി പറയുന്നത് അനുസരിച്ച് വിഹാരി പന്തെറിയുന്നത് കണ്ട പന്ത് വിരാടിന് മുന്നില്‍ തന്റെ ഒരു നിര്‍ദ്ദേശം വെക്കുകയായിരുന്നു.

വിഹാരിയോട് മുന്നിലേക്ക് കേറ്റി പിച്ച് ചെയ്യാന്‍ പറയാന്‍ കോഹ്ലിയോട് പന്ത് നിര്‍ദ്ദേശിക്കുകയായിരുന്നു. കോഹ്ലി പറയുന്നത് പോലെ തന്നെ ഇപ്പോള്‍ വിഹാരി പന്തെറിയുന്നുണ്ടെന്നും എന്നാലത് ബാറ്റ്‌സ്മാനെ കട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക മാത്രമേയുള്ളൂവെന്നുമാണ് പന്ത് പറയുന്നത് (അങ്ങനെയായിരുന്നു മാര്‍ക്കസ് ഹാരിസിന്റെ വിക്കറ്റ് ഇന്ത്യ നേടിയതും).

വിഹാരിയുടെ ഉപദേശം കോഹ്ലി അനുസരിച്ചോ ഇല്ലയോ എന്നതല്ല ഇപ്പോള്‍ ചര്‍ച്ച. സമാനമായയ രീതിയില്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കാന്‍ ലഭിച്ച അവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു. അനായാസമായൊരു ക്യാച്ച് ലഭിച്ചിട്ടും പന്ത് മിസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയെ ഉപദേശിക്കാന്‍ വന്ന പന്തിനെതിരെ ആരാധകര്‍ എത്തിയിരിക്കുകയാണ്.

ഉപദേശപ്പണി നിര്‍ത്തി നന്നായി കളിക്കാനാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് പന്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അവരെ തെറ്റ് പറയാനാകില്ല. കാരണം കൈ വിടുമെന്നു തോന്നിയ കളി ഓസീസിന് തിരികെ പിടിച്ചു കൊടുത്തത് മാര്‍ഷായിരുന്നു. 45 റണ്‍സാണ് മാര്‍ഷ് നേടിയത്.

ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഓസീസ് സ്‌കോര്‍ 299-6 എന്ന നിലയിലാണ്. 16 റണ്‍സുമായി ടിം പെയ്‌നും 11 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസിലുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ