ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്, എല്ലാ ചർച്ചകളും ധോണിയെക്കുറിച്ചാണ്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് താരം വിരമിക്കൽ പ്രഖ്യാപിക്കുമോ ഇല്ലയോയെന്ന സംശയം. രണ്ട് ധോണിയുടെ മെല്ലപോക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെന്ന വിമർശകരുടെ വാദവും. കാലമായെന്നും വിരമിക്കാറായെന്നും പലഭാഗത്ത് നിന്നും ശബ്ദം ഉയരുമ്പോൾ അതിനെ പ്രതിരോധിക്കാനും ആളുകൾ എത്തുന്നു.

ധോണി വിരമിക്കാറായിന്ന് തന്നെ ഒരു വിഭാഗം ആത്മാർത്ഥമായി വിശ്വസിക്കുന്നു. എന്നാൽ ഓസ്ട്രേലിയൻ ഇതിഹാസം സ്റ്റീവേ വോയ്ക്ക് മറിച്ചൊരു അഭിപ്രായമാണ് ഉള്ളത്. ധോണിയിൽ ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് സ്റ്റീവ് വോ പറയുന്നു.

“ഏകദിന ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് എം.എസ്.ധോണി. മധ്യനിരയിൽ ധോണിയുള്ളത് പ്രതീക്ഷ തന്നെയാണ്. അവസരങ്ങൾ സൃഷ്ടിക്കുകയാണ് ധോണി. ധോണിയിലും അദ്ദേഹം ചെയ്യുന്നതിലും ഇപ്പോഴും എനിക്ക് വിശ്വാസം ഉണ്ട്. ആ റൺഔട്ട് വരെ ഇന്ത്യയെ ജയിക്കാൻ സാധിക്കുന്ന ആളായിരുന്നു ധോണി. അയാൾ ഒരു മികച്ച താരമല്ലായിരുന്നെങ്കിൽ അവൻ ചെയ്യുന്നതിനെ കുറിച്ച് നമ്മൾ സംശയിക്കില്ലായിരുന്നു,” സ്റ്റീവ് വോ പറഞ്ഞു.

ധോണിയെ ഏഴമതായി ഇറക്കിയ തന്ത്രത്തിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോഹ്‌ലിയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. വിരാട് കോഹ്‌ലിയുടെ തന്ത്രമാണ് പിഴച്ചതെന്ന് കരുതുന്നില്ലെന്നും സ്റ്റീവ് വോ പറഞ്ഞു. ന്യൂസിലൻഡ് നന്നായി കളിച്ചെന്നും കെയ്ൻ വില്യംസണിന്റെയും ജിമ്മി നീഷാമിന്റെയും ക്യാച്ചുകളും ഗപ്റ്റിലിന്രെ റൺഔട്ടും ഫീൾഡിങ്ങിലും മത്സരം ജയിക്കാമെന്ന് തെളിയിച്ചെന്നും വോ പറഞ്ഞു.

അതേസമയം, ഇനി ഇന്ത്യക്ക് മുന്നിലുള്ളത് വിന്‍ഡീസ് പര്യടനമാണ്. എന്നാല്‍ വിരമിക്കല്‍ സാധ്യതകള്‍ സജീവമാക്കി ധോണി വിന്‍ഡീസ് ടൂറില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 – ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 17നോ 18നോ സെലക്ഷന്‍ കമ്മിറ്റി ചേരും. എന്നാല്‍ ധോണി ടീമിലുണ്ടാകില്ലെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധോണിയെ ഏഴാമതായി ഇറക്കിയ തീരുമാനത്തിനെതിരെ ഗാംഗുലി, സച്ചിന്‍, ലക്ഷ്മണ്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. അഞ്ചാമതിറങ്ങാനിരുന്നിരുന്ന ധോണി കിവികള്‍ക്കെതിരെ ഇറങ്ങാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രി. ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും പിന്നിലായിരുന്നു ധോണി ഇറങ്ങിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook