മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റാരോപിതരായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും എതിരെ ഐസിസി എടുത്ത ശിക്ഷാ നടപടി കുറഞ്ഞുപോയെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് വോ. ഐസിസിയുടെ ചട്ടങ്ങൾ പരിഷ്കരിക്കണമെന്നും ദുർബല ശിക്ഷകൾ കുറ്റകൃത്യങ്ങൾ കുറയ്ക്കില്ലെന്നും സ്റ്റീവ് വോ പറഞ്ഞു.
“മുൻപും ഇതേ കുറ്റം ചെയ്ത ക്യാപ്റ്റന്മാരുണ്ടായിരുന്നു. അവർക്കൊന്നും തക്കതായ ശിക്ഷ ലഭിച്ചില്ല. അതുകൊണ്ടാണ് ഇപ്പോഴും ഇതൊക്കെ ആവർത്തിക്കുന്നത്. വലിയ നാണക്കേടാണ് ഇങ്ങിനെയുളള കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്നത്.” സ്റ്റീവ് വോ പറഞ്ഞു.
സ്റ്റീവ് സ്മിത്തിന് മത്സര ഫീസിന്റെ നൂറ് ശതമാനം പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കുമാണ് ഐസിസി വിധിച്ച ശിക്ഷ. ബാൻക്രോഫ്റ്റിന് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുമായിരുന്നു ശിക്ഷ.
എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ കുറ്റാരോപിതരായ മൂന്ന് താരങ്ങൾക്കും എതിരെ കടുത്ത നിലപാട് എടുത്തു. സ്മിത്തിനും വാർണർക്കും ഒരു വർഷത്തെ വിലക്കേർപ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രേലിയ ബാൻക്രോഫ്റ്റിനെ ഒൻപത് മാസത്തേക്ക് വിലക്കി.