/indian-express-malayalam/media/media_files/uploads/2018/03/smith-cats.jpg)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചെന്ന് കുറ്റ സമ്മതവുമായി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ടീം നേതൃത്വത്തിന്റെ അറിവോടെയാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ നായകസ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകന്‍ അടക്കമുളളവര്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് സ്മിത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നത്. 'നേതൃത്വ സംഘത്തിന് ഇതിനെ കുറിച്ച് അറിയാം' എന്നാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ മറ്റ് ഏതൊക്കെ കളിക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 'തെറ്റ് സമ്മതിക്കുന്നു. വലിയ തെറ്റാണ് പറ്റിയത്. നേതൃത്വത്തിന് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നു. എന്റേയും പിന്തുണയോടെയാണ് ഇത് നടന്നത്. എന്നാല്‍ നായകസ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലിക്ക് ഞാനാണ് യോജിച്ച വ്യക്തിയെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്', സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഓസീസ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സ്മിത്തിന്റെ നായകസ്ഥാനത്തെ കുറിച്ച് സംശയം ഉയരുകയാണ്.
'മത്സരത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് ഞാന്‍ ഖേദിക്കുന്നു. അഭിമാനിക്കാവുന്ന കാര്യമല്ല ചെയ്തത്, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കും. എന്റേയും ടീമിന്റേയും നേതൃത്വത്തിന്റേയും സത്യസന്ധത ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്', സ്മിത്ത് പറഞ്ഞു.
വിവാദങ്ങള്‍ കൊണ്ട് തലക്കെട്ടില്‍ ഇടം നേടിയ പരമ്പരയില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തുകയായിരുന്നു ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്. പന്തില്‍ കൃത്രിമത്വം കാണിക്കുന്ന ബാന്‍ക്രോഫിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഓസീസ് ടീം പ്രതിരോധത്തിലായത്.
ദക്ഷിണാഫ്രിക്കയ്ക്കായി എബി ഡിവില്യേഴ്‌സും എയ്ഡന്‍ മര്‍ക്ക്രമും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പോര്‍ട്ടീസ് താരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ ഓസീസ് ടീം നന്നായി വെളളം കുടിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ മഞ്ഞ നിറത്തിലുള്ള ചിപ്പ് പോലുള്ള വസ്തുകൊണ്ട് ബാന്‍ക്രോഫ് പന്ത് ചുരണ്ടുകയായിരുന്നു.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന് വ്യക്തമായതോടെ സബ്‌സ്റ്റിയൂട്ട് ഫീല്‍ഡറിലൂടെ ഓസീസ് ടീം അധികൃതര്‍ താരത്തിന് സന്ദേശം അയക്കുകയായിരുന്നു. പകരക്കാരനായെത്തിയ ഫീല്‍ഡര്‍ ബാന്‍ക്രോഫിന് അരികിലായിരുന്നു നിന്നത്. താരവുമായി സംസാരിച്ചതിന് പിന്നാലെ ബാന്‍ക്രോഫ് തന്റെ പോക്കറ്റില്‍ നിന്നും മഞ്ഞ വസ്തു എടുത്ത് പാന്റ്‌സിന് ഉള്ളിലേക്ക് ഇടുന്നതായി വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതീഷേധമാണ് ഉയരുന്നത്. ടീം ക്യാപ്റ്റനും മാനേജുമെന്റുമെല്ലാം നടപടിയ്ക്ക് വിധേയരാകേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.