ഒരു വര്‍ഷം മുമ്പാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്ക് പന്തുചുരണ്ടിയതിന് ഒരു വര്‍ഷത്തെ വിലക്ക് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച വിവാദം ഉടലെടുത്തത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്മിത്ത് ടെസ്റ്റിലേക്ക് മടങ്ങിയെത്തിയത് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലൂടെയായിരുന്നു. വാര്‍ണറും ഒപ്പം മടങ്ങിയെത്തി.

തിരിച്ചുവരവില്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന സ്വീകരണത്തെ കുറിച്ച് സ്മിത്തിന് നല്ല ധാരണയുണ്ടായിരുന്നു. ഒന്നര മാസം മുമ്പ് ഏകദിന ലോകകപ്പിലൂടെ ഏകദിനത്തിലേക്ക് മടങ്ങി വന്നിരുന്നു. അന്ന് തന്നെ എതിരേറ്റത് കൂവി വിളിക്കുന്ന കാണികളായിരുന്നു. അതിനും വേദിയായത് ഇംഗ്ലണ്ട് തന്നെ. അതുകൊണ്ട് തന്നെ കൂവലും ചതിയന്‍ വിളികളും പ്രതീക്ഷിച്ചു തന്നെയാണ് സ്മിത്ത് ആഷസിന് പാഡ് കെട്ടിയത്.

ചുറ്റുമുള്ള കാണികളുടെ ആക്ഷേപ വാക്കുകള്‍ക്കും ചതിയന്‍ വിളികള്‍ക്കും സ്മിത്ത് ചെവി കൊടുത്തില്ല. ബാറ്റ് കൊണ്ട് ഒരിക്കലും മായാത്ത കളങ്കം കഴുകിക്കളയുകയായിരുന്നു പകരം ചെയ്തത്. ഫലമോ, റെക്കോര്‍ഡുകള്‍ തകര്‍ന്നു വീണു, സാക്ഷാല്‍ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് ആഷസ് കഴിയുമ്പോഴേക്കും ക്രിക്കറ്റ് ലോകം ഉറപ്പിച്ചു പറയുന്നു.


ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും സ്മിത്ത് നേടിയത് 774 റണ്‍സാണ്. അതും 110.57 എന്ന ആവറേജില്‍. ഇതില്‍ മൂന്ന് സെഞ്ചുറികളും മൂന്ന് ഫിഫ്റ്റികളുമുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 211 ആണെന്നും ഓര്‍ക്കണം. താന്‍ പുറത്തിരുന്ന കാലത്ത് ഒന്നാമതെത്തിയ വിരാട് കോഹ്‌ലി ഞൊടിയിടയില്‍ പിന്തള്ളി വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതുമെത്തി. 144,142,92,211,92,80,23 എന്നിങ്ങനെയാണ് ഈ ആഷസിലെ സ്മിത്തിന്റെ സ്‌കോര്‍ കാര്‍ഡ്.

ഐതിഹാസികമായ ഈ തിരിച്ചു വരവിന് ഇംഗ്ലണ്ടിലെ കാണികളുടെ കുവലുകളെ അനായാസം നിശബ്ദമാക്കാന്‍ സാധിച്ചു. ചതിയനെന്ന് വിളിച്ചവര്‍ സ്മിത്തിനായി കൈയ്യടിച്ചു. ഒടുവില്‍ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ സ്മിത്തിനെ അവര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് യാത്രയാക്കിയത്. ഈ ആഷസ് പരമ്പര കാലം സ്മിത്തിന് വേണ്ടി മാത്രം കരുതി വച്ചതായിരുന്നു. സ്റ്റീവ് സ്മിത്ത് എന്ന ഇതിഹാസത്തിന്റെ കൈയ്യൊപ്പുള്ള പരമ്പര എന്നായിരിക്കും ചരിത്രം ഇതിനെ ഓര്‍ക്കുക.

Read Here: ‘പണിയറിയുന്ന വേറെ ആളുകള്‍ പുറത്ത് നില്‍പ്പുണ്ട്’; ധവാന് ലക്ഷ്മണിന്റെ മുന്നറിയിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook