റൺസ് കണ്ടെത്തുന്നതിൽ മാത്രമല്ല, ഫീൽഡിങ്ങിലും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത് മികച്ച പ്രകടനം നടത്താറുണ്ട്. കരിയറിൽ നിരവധി സൂപ്പർ ക്യാച്ചുകൾ താരം ഇതിനോടകം നേടിയിട്ടുണ്ട്. എന്നാൽ സ്‌മിത്തിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ചതെന്നു പറയാവുന്നൊരു ക്യാച്ചാണ് പെർത്തിൽ പിറന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് പറക്കും ക്യാച്ചുമായി സ്‌മിത്ത് കാണികളെ അമ്പരപ്പിച്ചത്.

Read Also: പാക്കിസ്ഥാനെതിരെ ഇന്നിങ്സ് ജയം നേടിയിട്ടും സ്വയം ശിക്ഷിച്ച് ഓസിസ് താരം സ്റ്റീവ് സ്മിത്ത്

സെക്കൻഡ് സ്ലിപ്പിലായിരുന്ന സ്‌മിത്ത് തന്റെ വലതുവശത്തൂടെ എത്തിയ ബോളിനെ ചാടി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ ബോളിൽ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണിനെയാണ് സ്‌മിത്ത് ഒറ്റകൈയ്യിലെടുത്ത പറക്കും ക്യാച്ചിലൂടെ പുറത്താക്കിയത്.

സ്‌മിത്തിന്റെ സൂപ്പർ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. 2015 നവംബർ മുതൽ 38 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 88 ക്യാച്ചുകളാണ് സ്‌മിത്ത് സ്വന്തം പേരിലാക്കിയത്.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്കിനു ശേഷം മടങ്ങിയ സ്‌മിത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നതാണ്. ആഷസ് ടെസ്റ്റിലൂടെ ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് മിന്നും ഫോമിലാണുള്ളത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ചരിത്രത്തില്‍ ആര്‍ക്കും നേടാനാകാത്തൊരു റെക്കോര്‍ഡും സ്മിത്ത് തന്റെ പേരിലാക്കി. തന്റെ 25-ാമത്തെ ടെസ്റ്റ് അര്‍ധ സെഞ്ചുറിയോടെ ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സ്‌കോറുകളാണ് സ്മിത്ത് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം ആഷസില്‍ തുടര്‍ച്ചയായി ഏഴ് 50 പ്ലസ് സെഞ്ചുറികള്‍ നേടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook