ബ്രിസ്ബന്‍ ടി20യില്‍ ആടി തകര്‍ത്ത് സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാര്‍ണര്‍ ജോഡി. തിരിച്ചു വരവ് ടി20 പരമ്പര രണ്ടു പേരും ആഘോഷമാക്കിയതോടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ നേടിയത് അനായാസ വിജയമാണ്. ഇതോടെ രണ്ട് കളികളും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കിയത്.
സ്മിത്തും വാര്‍ണറും അര്‍ധ സെഞ്ചുറികളുമായി ഓസീസിനെ മുന്നില്‍ നിന്ന് ജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്മിത്ത് 36 പന്തുകളില്‍ നിന്ന് 53 റണ്‍സ് നേടിയപ്പോള്‍ വാര്‍ണര്‍ 41 പന്തുകളില്‍ നിന്ന് 60 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 117 റണ്‍സാണ് നേടിയത്. ഇതോടെ എഴ് ഓവര്‍ ബാക്കി നില്‍ക്കെ കംഗാരുപ്പടയ്ക്ക് മിന്നും ജയം.
മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ തോല്‍വിയുടെ ഭാരം കുറയ്ക്കാനുള്ള അവസരം ലങ്കയ്ക്ക് ലഭിച്ചിരുന്നു. സ്മിത്തിന്റെ വിക്കറ്റിന്റെ രൂപത്തില്‍. പക്ഷെ ബോളര്‍ സന്ദാകന്റെ മണ്ടത്തരം കാരണം ശ്രീലങ്ക ഏറ്റുവാങ്ങിയത് നാണക്കേടായിരുന്നു. സ്മിത്തിനെ അനായാസം റണ്‍ ഔട്ടാക്കാനുള്ള അവസരമാണ് സന്ദാകന് നഷ്ടപ്പെടുത്തിയത്.
സ്മിത്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കവെ സന്ദാകന് എറിഞ്ഞ പന്ത് വാർണർ സ്ട്രെയിറ്റിലേക്ക് അടിച്ചു വിടുകയായിരുന്നു. പന്ത് നേരെ വന്ന് സ്റ്റംപിലാണ് കൊണ്ടത്. അപ്പോഴേക്കും സ്മിത്ത് ക്രീസ് വിട്ട് മുന്നോട്ട് കയറിയിരുന്നു. ക്രീസിന് അരികിലുണ്ടായിരുന്ന സന്ദാകന് പന്തെടുത്ത് സ്റ്റംപ് ചെയ്യാനായി തിരിച്ച് കയറി.
ആവേശത്തില്‍ സ്റ്റംപ് പിഴുതെടുത്ത സന്ദാകന് പന്ത് സ്റ്റംപില്‍ തൊടാന്‍ മറന്നു പോയി. ഇടത് കൈയില്‍ സ്റ്റംപും വലതു കൈയില്‍ പന്തുമായി നില്‍ക്കെ തനിക്ക് പറ്റിയ അമളി സന്ദാകന് തിരിച്ചറിഞ്ഞു. താരത്തിനും ശ്രീലങ്കന്‍ ടീമും നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം.