എഡ്ജ്ബാസ്റ്റണ്‍: ഓസ്‌ട്രേലിയയുടെ രക്ഷകനായി വീണ്ടും സ്റ്റീവ് സ്മിത്ത് അവതരിച്ചു. ആഷസ് പരമ്പരയുടെ രണ്ടാം ഇന്നിങ്‌സിലും സ്മിത്തിന് സെഞ്ചുറി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടിയിട്ടുണ്ട്. നാലാം ദിനമായ ഇന്ന് മത്സരം പുരോഗമിക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന്റെ ലീഡ് ആയിട്ടുണ്ട്. 180 പന്തില്‍ നിന്ന് 124 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നില്‍ക്കുന്നു. 46 റണ്‍സുമായി മാത്യു വെയ്ഡാണ് സ്മിത്തിനൊപ്പം ഉള്ളത്. ഇന്ന് മുഴുവന്‍ വിക്കറ്റ് പോകാതെ ബാറ്റ് ചെയ്യാനായാല്‍ അഞ്ചാം ദിനത്തില്‍ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ പുലര്‍ത്താം. അതേസമയം, ഓസ്‌ട്രേലിയയെ അതിവേഗം പുറത്താക്കി കളി സ്വന്തമാക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

Read Also: ‘സ്മിത്ത് ചതിച്ചാശാനേ…’; അബദ്ധം പിണഞ്ഞ സ്റ്റോയിനിസിന് നഷ്ടമായത് സ്വന്തം വിക്കറ്റ്

ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്മിത്തിന്റെ തന്നെ സെഞ്ചുറി കരുത്തില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയിരുന്നു. എന്നാല്‍, മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 90 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി റോറി ബേണ്‍സ് 133 റണ്‍സ് നേടിയപ്പോള്‍ ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും അര്‍ധ സെഞ്ചുറി സ്വന്തമാക്കി ഭേദപ്പെട്ട പ്രകടനം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook