ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മികവുറ്റ പ്രകടനത്തിലൂടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്റെ കരിയറിൽ പുത്തൻ റെക്കോർഡുകൾ എഴുതി ചേർത്തു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരങ്ങളിൽ റൺവേട്ടയിലും മുന്നിൽ കോഹ്‌ലിയാണ്. കോഹ്‌ലിയുടെ ഫോമിനെ മറ്റു രണ്ടു കളിക്കാരുമായി താരതമ്യം ചെയ്യാറുണ്ട്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണും കഴിഞ്ഞ ഏതാനും വർഷമായി മികച്ച ഫോമിലാണ്. റൺവേട്ടയിലും ഇരുവരും കോഹ്‌ലിക്ക് സമമാണ്.

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും കളിക്കളത്തിൽ വൈരികളാണ്. എങ്കിലും കോഹ്‌ലിയിൽനിന്നും താൻ ചിലതൊക്കെ കണ്ടു പഠിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്മിത്ത്. ”ക്രിക്കറ്റിലെ ചില മികച്ച കളിക്കാരെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോഴൊക്കെ അവരുടെ ബാറ്റിങ് ശൈലി അനുകരിക്കാൻ ശ്രമിക്കാറുണ്ട്” സ്മിത്ത് ക്രിക്കറ്റ് ഡോട് കോം ഡോട് എയുവിനോട് പറഞ്ഞു.

”കോഹ്‌ലിയിൽനിന്നും ചില കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സ്‌പിൻ ബോളിങ്ങിനെ കോഹ്‌ലി നേരിടുമ്പോൾ ഓഫ് സൈഡിൽ ബോൾ അടിച്ചു പായിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. അതിൽനിന്നും ചിലത് ഞാൻ പഠിച്ചിട്ടുണ്ട്. അങ്ങനെ ബാറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുമുണ്ട്. ലോകത്തിലെ മികച്ച കളിക്കാരിൽനിന്നും നിങ്ങൾക്ക് പഠിക്കാൻ ചിലതൊക്കെ ഉണ്ടാവും. അത് പഠിക്കുകയും പരിശ്രമിക്കുകയും ചെയ്യാം” സ്മിത്ത് പറഞ്ഞു.

വിരാട് കോഹ്‌ലിയിൽനിന്ന് മാത്രമല്ല ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിൽനിന്നും ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണിൽനിന്നും താൻ ചിലതൊക്കെ കണ്ടു പഠിച്ചിട്ടുണ്ടെന്നും സ്മിത്ത് വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ