ഡര്‍ബന്‍: ഓസീസ് താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കും തമ്മിലുണ്ടായ വാക്കേറ്റം ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പക്ഷം ചേര്‍ന്നും ചേരാതെയും നിരവധി താരങ്ങളും മുന്‍ താരങ്ങളും തങ്ങളുടെ അഭിപ്രായം ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മൽസരത്തിനിടെയായിരുന്നു സംഭവം. കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു വാര്‍ണറും ഡികോക്കും കോര്‍ത്തത്. വളരെ പാടുപെട്ടായിരുന്നു സഹതാരങ്ങള്‍ വാര്‍ണറെ സംഭവ സ്ഥലത്തു നിന്നും പിടിച്ചു മാറ്റിയത്.

ഇപ്പോഴിതാ സംഭവിച്ചെതെന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. വാര്‍ണറെ പിടിച്ചു മാറ്റിയത് സ്മിത്തായിരുന്നു.

”വളരെ വ്യക്തിപരമായിരുന്നു ക്വിന്റണിന്റെ വാക്കുകള്‍. വാര്‍ണറുടെ വികാരത്തെ വ്രണപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്റെ അറിവില്‍ ഞങ്ങളാരും തന്നെ ക്വിന്റണോട് വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല.’ സ്മിത്ത് പറയുന്നു.

‘നിങ്ങള്‍ക്ക് ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് ഇങ്ങനെ കടന്നു ചെല്ലാന്‍ പറ്റില്ലെന്നാണ് എന്റെ അഭിപ്രായം. എന്തായാലും കാര്യങ്ങളിപ്പോള്‍ ഒഫീഷ്യല്‍സിന്റെ കൈയ്യിലാണ്. കളിയുടെ സ്‌പിരിറ്റോടെ തന്നെ കളിക്കുക എന്നതിലാണ് കാര്യം. ചിലപ്പോഴൊക്കെ നമുക്ക് നിയന്ത്രിക്കേണ്ടി വരും.’ സ്മിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ഡികോക്ക് വാര്‍ണറുടെ ഭാര്യയെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത് അടിയില്‍ കലാശിച്ചതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ താരങ്ങള്‍ പരസ്പരം പറഞ്ഞതെന്നതിനെ കുറിച്ച് വ്യക്തതയില്ല. സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook