സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാനദിനത്തിൽ ക്രിക്കറ്റിനു നിരക്കാത്ത പ്രവൃത്തിയുമായി ഓസീസ് താരം സ്റ്റീവ് സ്‌മിത്ത്. ഇന്ത്യൻ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തിന്റെ ഗാർഡ് മാർക്ക് മായ്‌ച്ചുകളഞ്ഞ സ്‌മിത്ത് വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. നേരത്തെ പന്ത് ചുരണ്ടൽ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട താരമാണ് സ്‌മിത്ത്. ഇതേ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു. എന്നാൽ, മത്സരത്തിൽ ഗാർഡ് മാർക്ക് മായ്‌ച്ചുകളഞ്ഞതോടെ സ്‌മിത്തിന് ഒരു മാറ്റവുമില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. ഓസീസ് ആരാധകർ അടക്കം സ്‌മിത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Read Also: മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; എന്തും സംഭവിക്കാം

ഇന്നത്തെ ആദ്യ സെഷനിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമാണ് സംഭവം. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷമാണ് സ്‌മിത്ത് ബാറ്റ്‌സ്‌മാന്റെ ഗാർഡ് മാർക്ക് മായ്ച്ചുകളഞ്ഞത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുറച്ചുനേരം ക്രീസിനരികെ ചുറ്റിതിരിഞ്ഞ ശേഷമാണ് സ്‌മിത്ത് ഗാർഡ് മാർക്ക് മായ്ച്ചുകളയാൻ നോക്കിയത്. ഈ സമയത്ത് പന്ത് ക്രീസിൽ ഉണ്ടായിരുന്നില്ല. സ്‌മിത്ത്, ഗാർഡ് മാർക്ക് മായ്‌ക്കാൻ ശ്രമിക്കുന്നത് സ്റ്റമ്പിലെ ക്യാമറയിലാണ് പതിഞ്ഞത്. താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്പർ 49 ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇതാണ് സ്‌മിത്തിനെ കുടുക്കിയത്. ഷൂസുകൊണ്ടാണ് സ്‌മിത്ത് പിച്ചിലെ ഗാർഡ് മാർക്ക് മായ്‌ക്കാൻ നോക്കുന്നത്. അതേസമയം, ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് വീണ്ടും ഗാർഡ് മാർക്ക് എടുക്കുകയായിരുന്നു.

ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ ചോദിക്കുന്നു. ക്രിക്കറ്റിന്റെ മാന്യത കളയുകയാണ് സ്‌മിത്ത് ചെയ്യുന്നതെന്ന് ആരാധകർ വിമർശിക്കുന്നു. പന്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്താണ് സ്‌മിത്ത് ഇത് ചെയ്‌തത്.

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് അഞ്ചാം ദിനം ഇന്ത്യയ്‌ക്ക് തുണയായത്. പന്ത് 118 പന്തിൽ 97 റൺസ് നേടിയാണ് പുറത്തായത്. 12 ഫോറുകളും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു പന്തിന്റെ കിടിലൻ ഇന്നിങ്സ്. സ്‌കോറിങ് വേഗത്തിലാക്കാൻ ശ്രമിച്ചാണ് അർഹിക്കുന്ന സെഞ്ചുറിക്ക് തൊട്ടരികെ പന്തിന് വിക്കറ്റ് നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook