ബംഗളൂരു: ഓസീസിന് എതിരെ ഗഭീര പ്രകടനം കാഴ്ച്ചവെച്ചാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ അധാര്‍മ്മികമായ പെരുമാറ്റമാണ് ഇന്ന് കളിക്കളത്തും പുറത്തും ചൂടുപിടിച്ച ചര്‍ച്ചയായത്. ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബിഡബ്ബ്യൂവില്‍ കുടുങ്ങി പുറത്തായ സ്മിത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങുമ്പോളേയ്ക്കും മൈതാനം വിടാന്‍ തയ്യാറാകാതെ സ്മിത്ത് പിച്ചില്‍ നില്‍ക്കുകയായിരുന്നു. ഡി.ആര്‍.എസിന് പോകണമോയെന്ന് ഡ്രസിംഗ് റൂമിലേക്ക് ആഗ്യം കാണിച്ചു ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഹ്ലി ഇടപെട്ട് സ്മിത്തിനെതിരെ രംഗത്തെത്തി. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമായത്.

ഡ്രസിംഗ് റൂമിലേക്ക് വിളിച്ച് ഡി.ആര്‍.എസ് ഉപദേശം ചോദിച്ച സ്മിത്തിന് അഭിമുഖമായി ജഡേജയും കോഹ്ലിയും ചാടിവീണ് കയര്‍ത്തു. ചെയ്യുന്നത് തെറ്റാണെന്ന് കാണിച്ച് അമ്പയറും രംഗത്തെത്തിയതോടെ സ്മിത് കളം വിട്ട് പുറത്തേക്ക് പോകുകയായിരുന്നു.

സ്മിത്തിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡി.ആര്‍.എസ് എന്നാല്‍ ഡ്രസ്സിംഗ് റൂം റിവ്യൂ സിസ്റ്റമാണോ എന്നാണ് ഇപ്പോള്‍ സ്മിത്തിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകളിലൊന്ന്. മത്സരത്തിന് ശേഷം വിരാട് കോഹ്ലി സ്മിത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. ചെയ്യാന്‍ പാടില്ലാത്തതാണ് സ്മിത്ത് ചെയ്തതെന്നും നേരത്തേ രണ്ട് തവണ ഇത്തരത്തില്‍ താന്‍ കണ്ടതായും കോഹ്ലി പറഞ്ഞു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്മിത്ത് തന്നെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തതെന്നും ആ സന്ദര്‍ഭത്തില്‍ സംഭവിച്ച് പോയതാണെന്നും പറഞ്ഞ് സ്മിത്ത് വിവാദങ്ങളില്‍ നിന്നും തലയൂരിയിട്ടുണ്ട്. എന്നാല്‍ ഐസിസി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ