മെൽബൺ: ഇന്ത്യൻ സ്‌പിന്നർ ആർ.അശ്വിനെ നേരിടാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ഓസീസ് സ്റ്റാർ ബാറ്റ്‌സ്‌മാൻ സ്റ്റീവ് സ്‌മിത്ത്.
താൻ ആഗ്രഹിക്കുന്നതുപോലെ അശ്വിന്റെ പന്തുകളെ നേരിടാൻ സാധിക്കുന്നില്ലെന്ന് സ്‌മിത്ത് പറഞ്ഞു. മെൽബൺ ടെസ്റ്റിന് ശേഷമാണ് സ്‌മിത്ത് ഇക്കാര്യം തുറന്നുസമ്മതിച്ചത്.
“അശ്വിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി ആക്രമിച്ചു കളിക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, അത് സാധിക്കുന്നില്ല. ഞാൻ ആഗ്രഹിച്ചപോലെ അശ്വിന്റെ പന്തുകൾ കളിക്കാൻ സാധിക്കുന്നില്ല. ക്രിക്കറ്റ് കരിയറിൽ ഒരു സ്‌പിന്നറെ നേരിടാൻ ഞാൻ ഇത്രത്തോളം ബുദ്ധിമുട്ടിയിട്ടില്ല. അശ്വിനെ ആക്രമിച്ചു കളിച്ചാൽ കാര്യങ്ങൾ എനിക്ക് അനുകൂലമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അതിനു സാധിക്കാതെ പോയി. കരിയറിൽ മറ്റൊരു സ്‌പിന്നറും ഇതുപോലെ എനിക്കുമേൽ ആധിപത്യം പുലർത്തിയിട്ടില്ല. കുറേനേരം ക്രീസിൽ ചെലവഴിക്കാനായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ, ആ തന്ത്രവും ഫലം കണ്ടില്ല. എന്റെ പ്രകടനത്തിൽ ഞാൻ നിരാശനാണ്. എന്നാൽ, വരും മത്സരങ്ങളിൽ താളം വീണ്ടെടുക്കും,” സ്‌മിത്ത് പറഞ്ഞു.
Read Also: അരങ്ങേറ്റക്കാർക്ക് ഫുൾ മാർക്ക്; സിറാജിനെയും ഗില്ലിനെയും പ്രശംസിച്ച് രഹാനെ
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് തവണയാണ് സ്‌മിത്തിനെ അശ്വിൻ പുറത്താക്കിയത്. മെൽബൺ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ സംപൂജ്യനായാണ് സ്‌മിത്ത് മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ സ്‌മിത്ത് ആദ്യമായാണ് ഡക്കായി മടങ്ങുന്നത്. സ്‌മിത്തിനെ പൂജ്യത്തിനു മടക്കിയ നേട്ടം അശ്വിന്റെ പേരിൽ എഴുതിചേർക്കപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനക്കാരനാണ് ഓസീസിന്റെ നെടുംതൂൺ ആയ സ്‌മിത്ത്. ഐസിസിയുടെ ദശകത്തിലെ ടെസ്റ്റ് താരവും സ്‌മിത്താണ്.