ടൊറന്റോ: കാനഡയിലെ ഗ്ലോബൽ ടി20 ടൂർണമെന്റിൽ മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മാർക്വീ താരം. ജൂൺ 28 മുതൽ ജൂലൈ 15 വരെയാണ് ആറ് ടീമുകൾ അണിനിരക്കുന്ന മൽസരം നടക്കുന്നത്.

സ്റ്റീവ് സ്‌മിത്തിന് പുറമെ, ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി, ക്രിസ് ലിൻ, ലസിത് മലിംഗ, ഡ്വെയ്ൻ ബ്രാവോ, ഡാരൻ സമ്മി, ഡേവിഡ് മില്ലർ, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവരും മാർക്വി താരങ്ങളാണ്.

ടൂർണമെന്റിന് മുന്നോടിയായി ആറ് ടീമുകളും തമ്മിൽ ലേലം വിളിച്ചാണ് താരങ്ങളെ സ്വന്തമാക്കുക. മാർക്വീ താരമായതോടെ ഉയർന്ന മൂല്യത്തിലാകും സ്റ്റീവ് സ്മിത്തും മറ്റുളളവരുടെയും ലേലം നടക്കുക.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഉണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെയാണ് സ്റ്റീവ് സ്‌മിത്തിനെയും ഡേവിഡ് വാർണറെയും ബാൻക്രോഫ്റ്റിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്.

ഒരു വർഷത്തേക്കാണ് സ്മിത്തിനെ രാജ്യാന്തര-ആഭ്യന്തര മൽസരങ്ങളിൽ നിന്ന് വിലക്കിയത്. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്നീട് തീരുമാനം മയപ്പെടുത്തി. കനേഡിയൻ ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകർ ബന്ധപ്പെട്ടപ്പോൾ സ്മിത്തിനെ അനുകൂലിച്ചുളള നിലപാടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിന് ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കാൻ പറ്റിയിരുന്നില്ല. 12 കോടിയുടെ കരാറാണ് താരവും ടീമും തമ്മിലുളളത്. ഇത് പക്ഷെ പിൻവലിച്ചിട്ടുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook