മുന്‍ ഇന്ത്യന്‍ നായകന് സൗരവ്വ് ഗാംഗുലിയുടെ പുസ്തകമായ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ചടങ്ങിനിടെ വിവാദമായ സാന്റ്പേപ്പര്‍ ഗേറ്റ് അടക്കമുള്ള വിഷയങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ദാദ മറുപടി പറഞ്ഞു.
വിവാദത്തെ തുടര്‍ന്ന് വിലക്ക് ലഭിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനോട് താന്‍ സഹതപിക്കുന്നതായി ഗാംഗുലി പറഞ്ഞു. മികച്ച ബാറ്റ്സ്മാനായ സ്മിത്ത് കരുത്തോടെ തന്നെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദത്തില്‍ പെട്ട മറ്റ് രണ്ട് താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും എല്ലാ വിധ ആശംസകളും നേരുന്നതായും ഗാംഗുലി പറഞ്ഞു.
”സ്മിത്തിന്റെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ് തിരിച്ച് വന്ന് ഓസ്ട്രേലിയ്ക്കായി വീണ്ടും സ്കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം സ്മിത്ത് ചതിയനല്ല. മൂന്ന് പേര്‍ക്കും എല്ലാ വിധ ആശംസകളും. തിരിച്ചു വരാന്‍ സാധിക്കട്ടെ. ചതിയാണെന്ന് പറയുന്നത് ശരിയല്ല,” ഗാംഗുലി അഭിപ്രായപ്പെട്ടു.
സച്ചിന് ടെണ്ടുല്‍ക്കറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, പന്ത് ചുരണ്ടിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് അംഗീകരിക്കുന്നതായി സ്മിത്തും വാര്‍ണറും നേരത്തെ വ്യക്തമാക്കിയിരുന്നു.