ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പലപ്പോഴും യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. മുതിർന്ന രാജ്യാന്തര താരങ്ങളോടൊപ്പം തന്നെ യുവതാരങ്ങളിലും ടീമും മാനേജ്മെന്റും വയ്ക്കുന്ന വിശ്വാസം വലുതാണ്.
ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. യശസ്വി ജയ്സ്വാളെന്ന യുവതാരത്തെ കോടികൾ മുടക്കിയാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ തവണ അരങ്ങേറിയ 17കാരൻ റിയാൻ പരാഗിനെയും നിലനിർത്തുകയും ചെയ്തു. ഇരുവരുടെയും പ്രകടനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്ന് നായകൻ കൂടിയായ ഓസിസ് താരം സ്റ്റീവ് സ്മിത്ത് പറഞ്ഞു.
അരങ്ങേറ്റ സീസണിൽ തന്നെ തിളങ്ങിയ റിയാൻ പരാഗ് സ്മിത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വതന്ത്രമായി കളിക്കുന്ന പരാഗിന്റെ ശൈലിയെയും സ്മിത്ത് ഓർത്തെടുത്തു. “ടെഡി ബിയറും ചുമന്ന് നടക്കുന്ന ഒരു പതിനേഴുകാരൻ കുട്ടി. എന്നാൽ കളിക്കളത്തിലേക്ക് ഇറങ്ങിയപ്പോൾ പൂർണ സ്വാതന്ത്ര്യത്തോടെ അവൻ കളിച്ചു. ചില മത്സരങ്ങൾ ജയിപ്പിക്കുക വരെ ചെയ്തു.” സ്മിത്ത് പറഞ്ഞു.
അണ്ടർ 19 ലോകകപ്പിലുൾപ്പടെ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളാണ് താൻ കാത്തിരിക്കുന്ന മറ്റൊരു താരമെന്നും സ്മിത്ത് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം വിജയ് ഹസാരെ ട്രോഫിയിൽ റെക്കോർഡ് ഇരട്ടസെഞ്ചുറിയുമായാണ് തിളങ്ങിയത്.