ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ പ്രമുഖ താരങ്ങളിലൊരാൾ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായിരുന്ന സ്മിത്തിനെ വരുന്ന സീസണിനുള്ള ടീമിൽ നിന്ന് ഓഴിവാക്കിയതിനെ തുടർന്നാണ് ഓസ്ട്രേലിയൻ താരം ലേലത്തിന്റെ ഭാഗമായതും ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയതും. കഴിഞ്ഞ സീസണിലെ റണ്ണർഅപ്പുകളായ ഡൽഹി ക്യാപിറ്റൽസിനെ ഇത്തവണ കന്നി കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്മിത്ത് പറയുന്നു.
“ഈ വർഷം ടീമിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ടീമിൽ മികച്ച കളിക്കാർ ഉണ്ടെന്നും മികച്ച പരിശീലകനുണ്ടെന്നും ഞാൻ കരുതുന്നു, അവരോടൊപ്പം അതിശയകരമായ ചില ഓർമ്മകൾ സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാത്തിരിക്കാനാവില്ല, ”സ്മിത്ത് പറഞ്ഞു.
മുൻ ഓസ്ട്രേലിയൻ നായകനും നിലവിൽ ടീമിന്റെ സഹപരിശീലകനുമായ റിക്കി പോണ്ടിങ്ങാണ് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ സീസണിൽ തന്നെ രാജസ്ഥാനിൽ നിന്നും ഡൽഹിയിലെത്തിയ അജിങ്ക്യ രാഹനെയും ഓസ്ട്രേലിയൻ ടീമിൽ തന്റെ സഹതാരമായിരുന്ന മാർക്കസ് സ്റ്റൊയിനിസും ഡൽഹിയിൽ സ്മിത്തിനൊപ്പമുണ്ടാകും. ശ്രേയസ് അയ്യരാണ് ഡൽഹിയെ ഇത്തവണയും നയിക്കുന്നത്.
Also Read: മൂന്നാം ടെസ്റ്റിൽ അശ്വിൻ ആറ് വിക്കറ്റുകൾ വീഴ്‌ത്തുമോ ? കാത്തിരിക്കുന്നത് അപൂർവ നേട്ടം
സ്മിത്ത് നയിച്ച രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ നിന്ന് 311 റൺസായിരുന്നു ഓസിസ് താരത്തിന്റെ സമ്പാദ്യം. മൂന്ന് അർധസെഞ്ചുറികളടക്കമായിരുന്നു ഇത്. എന്നാൽ സ്മിത്തിന്റെ ക്യാപ്റ്റൻസി പരാജയമാണെന്ന വിലയിരുത്തലായിരുന്നു ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് വന്നത്. 2020 ഒക്ടോബറിൽ ക്ലബ്ബുമായുള്ള സ്റ്റീവ് സ്മിത്തിന്റെ കരാർ അവസാനിച്ചതായി രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി.
അതേസമയം, പ്രതിഫലം കുറഞ്ഞതിനാൽ സ്റ്റീവ് സ്മിത്ത് ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്ന വാദങ്ങളും തള്ളുകയാണ് താരം. 2.20 കോടി രൂപയ്ക്കാണ് താരം ഡൽഹിയിലെത്തിയത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിലുള്ള താരത്തിന് 20 ലക്ഷം രൂപ മാത്രമാണ് അധികമായി ലഭിച്ചത്. സമകാലീന ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം അപ്പോൾ മുതൽ തന്നെ ഉയർന്നു കേട്ടിരുന്നു.
Also Read: മുപ്പതിന് ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച അഞ്ച് താരങ്ങൾ
സ്മിത്തിന്റെ പുതിയ ശമ്പളം രാജസ്ഥാൻ റോയൽസിൽ ലഭിച്ചിരുന്നതിനേക്കാൾ വളരെക്കുറവാണ്. 2018 സീസണിന് മുന്നോടിയായി 12.5 കോടി രൂപ നൽകിയാണ് രാജസ്ഥാൻ സ്മിത്തിനെ നിലനിർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ക്യാപ്റ്റൻ, ബാറ്റ്സ്മാൻ എന്നീ നിലകളിൽ മികച്ച പ്രകടനം നടത്താൻ സ്മിത്ത് പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തെ ഒഴിവാക്കി പകരം മലയാളി താരം സഞ്ജുവിനെ പകരം നായകനാക്കിയത്.