ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ വിവാദങ്ങളും കളിയാക്കലുകളും അവസാനിക്കുന്നില്ല. പരുക്കിന്റെ പിടിയിൽ പെട്ടുഴലുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അനുകരിച്ച് കളിയാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഗ്ളെയ്ൻ മാക്‌സ്‌വെൽ. റാഞ്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റാണ് ഈ അനുകരണത്തിന് വേദിയായത്.

പൂജാരയും കോഹ്‌ലിയും ബാറ്റ് ചെയ്‌ത് കൊണ്ടിരിക്കെ ഫീൽഡ് ചെയ്യുന്നതിനിടെ മാക്‌സ്‌വെൽ ബൗണ്ടറി ലൈനിനടുത്ത് വീണിരുന്നു. അവിടുന്ന് എഴുന്നേറ്റ് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോഹ്‌ലി പരുക്കേറ്റപ്പോൾ വേദന കൊണ്ട് പുളഞ്ഞതിനെ മാക്‌സ്‌വെൽ അനുകരിച്ചത്.

പരുക്കിന്റെയും മോശം ഫോമിന്റെയും പിടിയിൽ പെട്ടുഴലുകയാണ് വിരാട് കോഹ്‍ലി. തുടർച്ചയായ നാല് ടെസ്റ്റ് പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി കോഹ്‌ലി ചരിത്രം കുറിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരെ മോശം പ്രകടനമാണ് കോഹ്‌ലിയുടേത്. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്ങ്സിലായി 40 റൺസാണ് കോഹ്‌ലി നേടിയിരിക്കുന്നത്. മൂന്നാമത്തെ ടെസ്റ്റിൽ ശക്തമായി കോഹ്‌ലി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോഹ്‌ലി പരുക്കിന്റെ പിടിയിലായത്.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കോഹ്‌ലിയുടെ തോളെല്ലിന് പരുക്കേറ്റിരുന്നു. തുടർന്ന് രണ്ട് ദിവസം കളിക്കാനിറങ്ങിയില്ല. പരുക്ക് ഭേദപ്പെട്ടതോടെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയെങ്കിലും ആറ് റൺസോടെ മടങ്ങുകയായിരുന്നു. കുമ്മിൻസിന്റെ പന്തിൽ സ്‌മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്തായത്. സ്‌മിത്തും കോഹ്‌ലിയുടെ പരുക്കിനെ അനുകരിച്ചാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഓസീസ് താരങ്ങളുടെ ഈ പെരുമാറ്റത്തിനെതിരെ ഇതിനോടകം വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. നേരത്തെ ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം ഡിആർഎസ് വിവാദത്തിൽ കോഹ്‌ലിയും സ്മിത്തും കളത്തിനകത്തും പുറത്തും ഏറ്റുമുട്ടിയിരുന്നു. സ്‌മിത്ത് വഞ്ചിച്ചെന്നും കോഹ്‌ലി പറയുകയുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോഹ്‍‌ലിയുടെ പരുക്കിനെ പരിഹസിച്ച് ഓസീസ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ