സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും മുന്‍ നായകന് സ്റ്റീവ് സ്മിത്തിനും വാര്‍ണർക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് സഹായങ്ങള്‍ ചെയ്യുന്നതിനും ഒരുമിച്ച് സമയം ചെലവിടുന്നതിനും യാതൊരു തടസ്സവുമില്ല. ഇന്ത്യക്കെതിരായ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ നേരിടാന്‍ ഓസീസ് പേസര്‍മാരെ സഹായിക്കാനും സ്മിത്ത് എത്തി.
ഓസീസ് ടീമിനൊപ്പം നെറ്റ്സില്‍ ബാറ്റ് ചെയ്താണ് സ്മിത്തും വാര്‍ണറും തങ്ങളുടെ ബോളര്‍മാരെ തയ്യാറാക്കിയത്. ഇരുവരും പേസര്‍മാരുടെ പന്തുകള്‍ നേരിട്ടു. രണ്ടുപേരുടേയും ബാറ്റിങ്ങിന് ഇപ്പോഴും കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. ഇതിനിടെ രസകരമായൊരു സംഭവവുമുണ്ടായി.
നെറ്റ്സില്‍ പന്തുകള്‍ നേരിടുന്നതിനിടെ ഒരു പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച സ്മിത്ത് അടി തെറ്റി നിലത്തു വീഴുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് സ്മിത്ത് നിലത്ത് വീഴുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്.
വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്മിത്തിന് അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം മാത്രമേ ഓസീസ് പടയിലേക്ക് മടങ്ങിയെത്താനാവുകയുള്ളൂ. എന്നാല്‍ സ്മിത്തും ടീമും ഇപ്പോഴും നല്ല ബന്ധത്തിലാണെന്നത് അദ്ദേഹത്തിന് ടീമിലെത്താന്‍ വിലക്ക് കഴിയുന്നത് വരെ കാത്തിരുന്നാല്‍ മതിയെന്ന് സൂചിപ്പിക്കുന്നു. ഓസീസ് കോച്ച് ജസ്റ്റിസ് ലാങ്ങറുമൊത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സ്മിത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരം. ഇതിനുള്ള തയ്യാറെടുപ്പിലാണ് ഓസീസ് പേസര്‍മാര്‍.
Enjoy the very best of @stevesmith49's net session against Australia's Test quicks at the @scg today. Some of these shots are just pic.twitter.com/WusgsaKLH9
— cricket.com.au (@cricketcomau) November 27, 2018