സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മൽസരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പല തവണ പൊട്ടിക്കരഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ അദ്ദേഹത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും എതിരെ നടപടി എടുത്തതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്.

‘എല്ലാ ടീം അംഗങ്ങളും, ലോകത്താകമാനമുളള ക്രിക്കറ്റ് ആരാധകരും, നിരാശയിലും ദേഷ്യത്തിലുമുളള എല്ലാ ഓസ്ട്രേലിയക്കാരും എന്നോട് ക്ഷമിക്കണം. നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ നേതൃത്വത്തില്‍ വലിയൊരു പിഴവ് വന്നു. എന്റെ തെറ്റ് തിരുത്താനും അത് കാരണമുണ്ടായ പൊട്ടല്‍ നേരെയാക്കാനും എന്ത് വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്’, സ്മിത്ത് വികാരാധീനനായി പറഞ്ഞു.

‘എന്റെ ബാക്കി വരുന്ന ജീവിതത്തില്‍ ഇതോര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കും. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ എരിയുകയാണ്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചു തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെയും ഞാന്‍ കുറ്റം പറയുന്നില്ല. ഞാനാണ് ഓസ്ട്രേലിയന്‍ നായകന്‍. എല്ലാത്തിന്റേയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’, പൊട്ടിക്കരഞ്ഞ് കൊണ്ട് സ്മിത്ത് പറഞ്ഞു.

‘ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റായിരുന്നു എന്റെ ജീവിതം, എനിക്കത് തിരികെ വേണം. ഇനിയും അത് എന്റെ ജീവിതം ആവുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഖേദിക്കുന്നു. ശരിക്കും ഞാന്‍ നിരാശനാണ്. ശരിക്കും ഇതെന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം… ക്രിക്കറ്റിനെ ഞാന്‍ സ്നേഹിക്കുന്നു. യുവജനതയെ രസിപ്പിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഓസ്ട്രേലിയയ്ക്ക് ഞാന്‍ കാരണമുണ്ടായ വേദനയില്‍ മാപ്പു ചോദിക്കുന്നു’, സ്മിത്ത് വ്യക്തമാക്കി.

സംഭവത്തില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ക്ഷമാപണം നടത്തി രംഗത്തെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നും പെര്‍ത്തില്‍ തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. ഒമ്പത് മാസത്തേക്കാണ് ബാന്‍ക്രോഫ്റ്റിനെ വിലക്കിയിട്ടുളളത്. നായകനായ സ്റ്റീവ് സ്മിത്തിനേയും ഉപനായകനായ ഡേവിഡ് വാര്‍ണറേയും 12 മാസത്തേക്കും വിലക്കിയിരുന്നു. ഇരുവര്‍ക്കും ഐപിഎല്‍ മൽരങ്ങളും നഷ്ടമാകും.

ക്ഷമാപണം നടത്തുക മാത്രമാണ് തനിക്ക് ചെയ്യാന്‍ കഴിയുക എന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. ‘നടന്ന കാര്യത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നു. എല്ലാവരേയും നിരാശരാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു… എന്റെ തെറ്റായ ചെയ്തിയില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. ബാക്കിയുളള എന്റെ ജീവിതകാലത്തും ഞാന്‍ ഇതോര്‍ത്ത് ദുഃഖിക്കും, പശ്ചാത്തപിക്കും. മാപ്പപേക്ഷിക്കുക എന്നത് മാത്രമാണ് എന്റെ മുന്നിലുളള വഴി. സമൂഹത്തിന്റെ നല്ലതിന് മാത്രം ഞാന്‍ നിലകൊളളും’, ബാന്‍ക്രോഫ്റ്റ് വികാരാധീനനായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ