കഴിഞ്ഞ വർഷം ക്രിക്കറ്റ് മൈതാനത്ത് ഏവരുടെയും പ്രശംസ നേടിയ ഒന്നായിരുന്നു ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കൈയ്യടിക്കാൻ ആവശ്യപ്പെട്ട കോഹ്‌ലിയുടെ പ്രവൃത്തി. മാസങ്ങൾക്ക് ശേഷം സംഭവത്തിൽ മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് മുൻ ഓസിസ് നായകൻ. ലോകകപ്പ് മത്സരത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ ഫീൾഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഇന്ത്യൻ ആരാധകർ പരിഹസിച്ചത്. എന്നാൽ കാണികളോട് കയ്യടിക്കാനായിരുന്നു കോഹ്‌ലി ആവശ്യപ്പെട്ടത്.

“ലോകകപ്പിൽ വിരാട് കോഹ്‌ലി അങ്ങനെ ചെയ്തപ്പോൾ വളരെയധികം സന്തോഷം തോന്നി. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ അത് മനോഹരമായ ഒന്നായിരുന്നു, അഭിന്ദനം അർഹിക്കുന്നത്.” സ്മിത്ത് പറഞ്ഞു.

ഇത് പരിഗണിച്ച് കോഹ്‌ലിക്ക് 2019ലെ ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്‌കാരം ഐസിസി സമ്മാനിച്ചിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട ശേഷം മടങ്ങിയെത്തിയ സ്മിത്തിന് പല മത്സരങ്ങൾക്കിടയിലും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിൽ മൈതാനത്ത് തേർഡ് മാനിൽ ഫീൾഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്‌മിത്ത്. ഇന്ത്യൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ സമയം കാണികൾ സ്‌മിത്തിന് നേരെ പരിഹാസവുമായി രംഗത്തെത്തി. ‘ചതിയൻ… ചതിയൻ…’എന്ന് ഉറക്കെ വിളിച്ച് കൊണ്ടായിരുന്നു ആരാധകരുടെ പരിഹാസം. എന്നാൽ, ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഇത് അത്ര രസിച്ചില്ല. മുന്നോട്ട് വന്ന് സ്‌മിത്തിനു വേണ്ടി കയ്യടിക്കാൻ ആരാധകരോട് വിരാട് കോഹ്‌ലി ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും കോഹ്‌ലി വ്യക്തമായ മറുപടി നൽകി. കഴിഞ്ഞത് കഴിഞ്ഞ കാര്യമാണ്, സ്‌മിത്തിനെ ഇനിയും അത്തരത്തിൽ മോശപ്പെട്ട രീതിയിൽ പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു കോഹ്‌ലിയുടെ ഉത്തരം. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്‌മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെയാണ് രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook