/indian-express-malayalam/media/media_files/uploads/2020/11/Smith-2.jpg)
ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലും സ്‌മിത്ത് സെഞ്ചുറി നേടി. വെറും 62 പന്തിൽ നിന്നാണ് സ്‌മിത്ത് സെഞ്ചുറി തികച്ചത്. ആദ്യ ഏകദിനത്തിലും 62 പന്തിൽ നിന്നായിരുന്നു ഓസീസ് താരത്തിന്റെ സെഞ്ചുറി നേട്ടം.
എതിരാളികൾ ഇന്ത്യ ആകുമ്പോൾ സ്‌മിത്തിന്റെ ബാറ്റിന് കരുത്ത് കൂടുതലാണ്. നേരത്തെയും സ്‌മിത്ത് ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ അവസാന അഞ്ച് ഏകദിന മത്സരങ്ങളിലെ സ്‌മിത്തിന്റെ സ്‌കോറുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 105 റൺസ് നേടിയാണ് സ്‌മിത്ത് പുറത്തായത്. രണ്ടാം ഏകദിനത്തിൽ താരം 104 റൺസ് നേടി. ഇതിനു മുൻപുള്ള ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലെ സ്‌മിത്തിന്റെ വ്യക്തിഗത സ്കോർ യഥാക്രമം 69, 98, 131 എന്നിങ്ങനെയാണ്.
ഇന്ത്യയെ തേടിപ്പിടിച്ച് മർദ്ദിക്കുന്ന അപൂർവ താരങ്ങളുടെ പട്ടികയിലാണ് ക്രിക്കറ്റ് ലോകം സ്‌മിത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ ഏകദിന കരിയറിൽ സ്‌മിത്ത് 11 സെഞ്ചുറികളാണ് ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ നാല് സെഞ്ചുറികളും ഇന്ത്യയ്‌ക്കെതിരെയാണ്.
ഇന്ത്യയ്‌ക്കെതിരെയുള്ള സെഞ്ചുറി നേട്ടത്തിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് സ്‌മിത്തിനേക്കാൾ മുൻപിൽ. ആറ് സെഞ്ചുറികളാണ് പോണ്ടിങ് ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ നേടിയിരിക്കുന്നത്. ഈ നേട്ടം സ്‌മിത്തിന് വളരെ വേഗത്തിൽ മറികടക്കാൻ സാധിക്കുമെന്നാണ് കായികലോകം പ്രതീക്ഷിക്കുന്നത്. മറ്റൊരു വസ്തുത പോണ്ടിങ് ആറ് സെഞ്ചുറികൾ നേടിയത് 59 മത്സരങ്ങളിൽ നിന്നാണ്. സ്‌മിത്ത് നാല് സെഞ്ചുറികൾ നേടിയത് ഇന്ത്യയ്‌ക്കെതിരെ വെറും 20 മത്സരങ്ങളിൽ നിന്ന്.
ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ് (ഒൻപത്). വിരാട് കോഹ്‌ലി ( എട്ട്), രോഹിത് ശർമ (എട്ട്), റിക്കി പോണ്ടിങ് (ആറ്) എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. ഇവർക്ക് ശേഷം അഞ്ചാമനായി സ്‌മിത്ത് മാറി.
ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന നാലാമത്തെ താരം എന്ന നേട്ടവും സ്‌മിത്ത് ഇന്ന് സ്വന്തമാക്കി. 1983 ൽ പാക്കിസ്ഥാൻ താരം സഹീർ അബ്ബാസാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2012 - 13 ൽ മറ്റൊരു പാക് താരമായ നസീർ ജാംഷെദ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അതേ കലണ്ടർ വർഷം തന്നെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കും ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടി. ഇവർക്കു ശേഷം ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന താരമാണ് സ്‌മിത്ത്.
Steven Peter Devereux Smith. That is all.#OhWhatAFeeling | @Toyota_Aus | #AUSvINDpic.twitter.com/46uCsCTPC8
— cricket.com.au (@cricketcomau) November 29, 2020
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെറും 64 പന്തിൽ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് സ്‌മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. ക്രീസിൽ എത്തിയപ്പോൾ മുതൽ വളരെ ആക്രമണകാരിയായി സ്‌മിത്ത് ബാറ്റ് വീശി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.