എഡ്ജ്ബാസ്റ്റന്‍: പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്ന സ്റ്റീവ് സ്മിത്ത് തിരിച്ചു വരവ് ഗംഭീരമാക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം സ്മിത്ത് ആദ്യം കളിക്കുന്ന രാജ്യാന്തര ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാണ്. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ സ്മിത്ത് തന്റെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മറി കടന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്‌ലി 123 ഇന്നിങ്‌സുകളെടുത്തു.

അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന്‍ 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന്‍ തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നില്‍പ്പാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook