മെൽബൺ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് തിരിച്ച് വരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ്‌ ക്രിക്കറ്റില്‍ നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്റ്റീവ് സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക് കല്‍പ്പിച്ചത്. എന്നാല്‍ അടുത്ത മാസം നടക്കുന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റ് കളിക്കാന്‍ ഈ 28 വയസ്സുകാരന് അനുവാദമുണ്ടാകുമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.

ടൊറന്റോയുടെ കീഴില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്‍റെ സംഘാടകര്‍ സ്മിത്തിനെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട് പ്രകാരം പറയുന്നത്. ജൂണ്‍ 28 മുതല്‍ ജൂലൈ 16 വരെ നടക്കുന്ന മൽസരത്തില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. സ്മിത്ത്, ടൊറന്റോ മൽസരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിര്‍പ്പൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ടൂർണമെന്റിലെ മൽസരങ്ങള്‍ മേപ്പിള്‍ ലീഫ് ക്രിക്കറ്റ് ക്ലബ്ബിലാണ് അരങ്ങേറുന്നത്.

സ്മിത്തിന്‍റെകൂടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്ക് ലഭിച്ച കാമറോണ്‍ ബാന്‍ക്രോഫ്റ്റും, ഡേവിഡ്‌ വാര്‍ണറും തങ്ങളുടെ തിരിച്ച് വരവ് പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേയാണ് സ്മിത്തും ക്രിക്കറ്റിലേക്ക് മടങ്ങുന്നത്. ബാന്‍ക്രോഫ്റ്റിന് വെസ്റ്റേൺ ഓസ്ട്രേലിയയുടെ പ്രീമിയർ ക്രിക്കറ്റ് മൽസരത്തില്‍ പങ്കെടുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കിയത്.

2018-19 സീസണ്‍ തുടക്കത്തില്‍ ക്ലബ്ബിനു വേണ്ടി വാര്‍ണര്‍ ചില മൽസരങ്ങള്‍ കളിക്കുമെന്ന് റാൻഡ്വിക്ക് പീറ്റേർസ്ഹാം പ്രസിഡന്റ് മൈക്ക് വിറ്റ്ണി കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു. ഈ ലീഗിൽ സ്മിത്തും കളിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്തിനും പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടനെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്ന് അറിയിച്ച വലം കൈയ്യന്‍ താരം യുഎസില്‍ കുടുംബത്തിന്‍റെ അടുത്തേക്ക് പോയിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് തിരിച്ചെത്തിയത്.

വിലക്ക് ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഇരു താരങ്ങളെയും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ താരങ്ങളെ ടീമുകൾ ഒഴിവാക്കിയിട്ടില്ല. സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിലും ഡേവിഡ് വാർണർ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും താരങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ