മെൽബൺ: പന്തിൽ കൃത്രിമത്വം കാട്ടിയതിന് ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ അപ്പീൽ പോകില്ലെന്ന് സ്റ്റീവ് സ്മിത്തും കാമറൂൺ ബാൻകോഫ്റ്റും. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ഇത് താന്‍ സമ്മതിച്ച് കഴിഞ്ഞതാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടപെടല്‍ ശക്തമായ സന്ദേശമാണെന്നും സ്മിത്ത് ട്വീറ്റ് ചെയ്തു.

വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, ക്യാപ്റ്റനെന്ന നിലയില്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്, അതുകൊണ്ട് തന്നെ വിലക്കിനെതിരെ അപ്പീല്‍ ചെയ്യുന്നില്ല, ക്രിക്കറ്റ് ഓസ്ട്രേലിയ കൃത്യമായ ഇടപെടല്‍ നടത്തി ശക്തമായ ഒരു സന്ദേശമാണ് നല്‍കിയത്, ഞാന്‍ അത് സ്വീകരിക്കുന്നു’ സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി താൻ അംഗീകരിക്കുന്നതായും ഈ സംഭവത്തെപ്പറ്റി മറക്കാൻ ശ്രമിക്കുകയാണെന്നും കാമറൂൺ ബാൻകോഫ്റ്റ് ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയൻ ജനതയുടെ വിശ്വാസം തിരികെ പിടിക്കുന്നതിനായി തന്നാൽ കഴിയുന്നത് ചെയ്യുമെന്നും കാമറൂൺ വ്യക്തമാക്കി.

നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു. അതേസമയം വിലക്കിനെക്കുറിച്ചുളള​ ഡേവിഡ് വാർണറുടെ നിലപാട് പുറത്ത് വന്നിട്ടില്ല. നേരത്തെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് വാർണർ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ