ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഘടനയിൽ മാറ്റങ്ങൾ അവശ്യമാണെന്ന് അത്‍ലറ്റികോ ഡി കൊൽക്കത്ത പരീശിലകൻ സ്റ്റീവ് കോപ്പൽ. ലീഗ് കൂടുതൽ വികസിപ്പിക്കണമെന്നും ടീമുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്നും മുൻ കേരള ബ്ലാസ്റ്റേഴ‍്സ് പരിശീലകൻ കൂടിയായ കോപ്പലാശാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‍സിൽ നിന്നും കഴിഞ്ഞ സീസണിൽ ജംഷദ്പൂരിന്റെ പരിശീലകനായി എത്തിയ കോപ്പൽ, ഈ സീസണിലാണ് എടികെ പരിശീലകനാകുന്നത്. കഴിഞ്ഞ ദിവസം കൊൽക്കത്ത ടീമിന്റെ ജഴ്സി പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐഎസ്എല്ലിൽ വരുത്തേണ്ട നിർണ്ണായക മാറ്റങ്ങളെക്കുറിച്ച് കോപ്പലാശാൻ മനസ്സ് തുറന്നത്.

കോപ്പലിന്റെ വാക്കുകൾ ഇങ്ങനെ ”ഇന്ത്യൻ സൂപ്പർ ലീഗ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെ ഫുട്ബോൾ ലീഗുകൾ‌ പോലെ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കണം. 18 മുതൽ 20 വരെ ടീമുകൾ കളിക്കുന്ന ലീഗ് സംഘടിപ്പിക്കുന്നത് ഇവിടുത്തെ ദേശീയ ടീമിനും ഏറെ ഗുണം ചെയ്യും.”

“ഒപ്പം ലീഗ് ഘട്ടത്തിലെ വിജയികൾക്ക് ഒരു ട്രോഫി നൽകണം. പ്ലേ ഓഫ് ഘട്ടം രസകരവും വ്യത്യസ്തവുമാണ്. ലീഗിന്റെ അവസാന ഘട്ടത്തിൽ ആവേശം വർധിപ്പിക്കാൻ അത് സഹായിക്കും, എന്നാൽ ലീഗ് ഘട്ടത്തിന് ശേഷം ലീഗ് വിജയികൾക്ക് ഒരു ട്രോഫി നൽകണം” കോപ്പലാശാൻ കൂട്ടിച്ചേർത്തു.

അതേസമയം തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യം വച്ചാണ് എടികെ ഇന്ത്യൻ സൂപ്പർലീഗിന്റെ അഞ്ചാം പതിപ്പിനെത്തുന്നത്. പുതിയ പരിശീലകൻ കോപ്പലിന്റെ കീഴിൽ ഒരിക്കൽകൂടി കിരീടം ചൂടാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. സെപ്റ്റംബർ 29 ന് ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ‍്സാണ് കൊൽക്കത്തയുടെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook