തുഴയനെന്ന് വിളിച്ചവരെ കൊണ്ട് തിരുത്തി വിളിപ്പിക്കുകയാണ് ഈ ഐപിഎല്ലില്‍ ധോണി. 12 മൽസരങ്ങളില്‍ നിന്നും 413 റണ്‍സുമായി തന്റെ തുടക്കകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മാസ്മരിക പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ പുറത്തെടുക്കുന്നത്. 162.59 ന്റെ സ്‌ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്യുന്ന ധോണി ഇതിനോടകം 29 സിക്‌സുകളാണ് അടിച്ച് കൂട്ടിയത്.

മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മൽസരത്തില്‍ തിളങ്ങാതെ പോയ ധോണി രണ്ടാം മൽസരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേയും പരാജയപ്പെടുന്നത് കണ്ടതോടെ ഇത്തവണ അത്ഭുതമൊന്നും സംഭവിക്കില്ലെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടിയായിരുന്നു തുടര്‍ന്നുള്ള മൽസരങ്ങളില്‍ തലയുടെ പ്രകടനം. പഞ്ചാബിനെതിരായ മൽസരത്തില്‍ ചെന്നൈ പരാജയപ്പെട്ടെങ്കിലും 79 റണ്‍സുമായി ധോണി തലയുയര്‍ത്തി തന്നെ നിന്നു.

പിന്നീടുള്ള മൽസരങ്ങളിലെല്ലാം ഇത്തവണ താന്‍ രണ്ടും കല്‍പ്പിച്ചല്ലെന്ന് ധോണി തെളിയിക്കുകയായിരുന്നു. ഒറ്റയ്ക്ക് നിന്ന് പലപ്പോഴും ടീമിനായി അദ്ദേഹം പോരാടി. ധോണിയുടെ ബാറ്റില്‍ നിന്നും പന്തുകള്‍ അതിവേഗം ഗ്യാലറി ലക്ഷ്യമാക്കി പാഞ്ഞു. ധോണിയ്ക്ക് ഇതെന്ത് സംഭവിച്ചെന്ന് പലരും ചിന്തിച്ചു പോയി. ധോണിയുടെ ഈ ഉജ്ജ്വല ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമ്മിങ്.

”മാനസികമായി കൂടുതല്‍ തയ്യാറെടുത്ത ധോണി ഈ സീസണിന് മുന്നോടിയായി തന്നെ വളരെ കഠിനമായ പരിശീലനമാണ് നടത്തിയത്. എല്ലാവരെക്കാളും മുമ്പു തന്നെ ക്യാമ്പിലെത്തിയാണ് ധോണി പരിശീലനം ആരംഭിച്ചത്. തന്റെ ലക്ഷ്യത്തില്‍ ഉറച്ച് നിന്നു കൊണ്ട് അദ്ദേഹം നിരന്തരം പരിശീലിച്ചു,” ഫ്‌ളെമ്മിങ് പറയുന്നു.

”നേരത്തെ സിംഗിളെടുക്കുന്നതില്‍ പോലും അദ്ദേഹത്തിന് ആത്മവിശ്വസ കുറവുണ്ടായിരുന്നു. എന്നാല്‍ വന്‍ അടികള്‍ തുടങ്ങിയതോടെ ഓരോ ഷോട്ടും നൂറ് ശതമാനം കമ്മിറ്റ്‌മെന്റോടെയാണ് ധോണി കളിക്കുന്നത്. അദ്ദേഹം ഇന്നിങ്സ് തുടങ്ങുന്നത് തന്നെ വളരെ പോസിറ്റീവ് ആയാണ് ഇപ്പോള്‍. ഫൂട്ട് വര്‍ക്ക് വളരെ പോസിറ്റീവ് ആണ്. ഫിനിഷിങ് മികവ് വീണ്ടെടുത്തിരിക്കുന്നു. ഇപ്പോള്‍ ധോണിയുടെ ബാറ്റിങ് കാണുക തന്നെ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു,” ഫ്‌ളെമ്മിങ് കൂട്ടിച്ചേര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook