മുംബൈ: തുടർച്ചയായ പത്താം വിജയമെന്ന ലക്ഷ്യവുമായി ഇന്ത്യൻ ഫുട്ബോൾ ടീം ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്നിറങ്ങുന്നു. ലോക റാങ്കിംഗിൽ 125ാം സ്ഥാനത്തുള്ള സെൻ്റ് കിറ്റ്സ് ആൻ്റ് നെവിസ് ആണ് ഇന്ത്യയുടെ എതിരാളികൾ. മക്കാവോയ്ക്ക് എതിരെ അടുത്ത മാസം ഏഷ്യാ കപ്പ് യോഗ്യതാ മത്സരം നടക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്.

സെപ്തംബർ അഞ്ചിന് മക്കാവോയ്ക്ക് എതിരായ മത്സരത്തിന് മുൻപ് കൂടുതൽ യുവ താരങ്ങൾക്ക് കോച്ച് സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ അവസരം കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒൻപതാം തുടർ വിജയം നേടിയ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ 2-1 ന് മൗറീഷ്യസിനെയാണ് പരാജയപ്പെടുത്തിയത്.

മൗറീഷ്യസിനെ സമനിലയിൽ തളച്ചാണ് സെൻ്റ് കിറ്റ്സ് ആൻ്റ് നെവിസ് രണ്ടാം മത്സരത്തിൽ ഇന്ത്യയെ നേരിടുന്നത്. മൗറീഷ്യസിനേക്കാൾ താഴ്ന്ന സ്ഥാനത്തുള്ള സെൻ്റ് കിറ്റ്സ് ആൻ്റ് നെവിസ് 1-1 എന്ന നിലയിലാണ് മൗറീഷ്യസിനെ ആക്രമിച്ചത്.

ഈ ടൂർണ്ണമെൻ്റിനെ ത്രിരാഷ്ട്ര മത്സരമായല്ല കാണുന്നതെന്നും ഇന്ത്യയ്ക്ക് എതിരായ മത്സരമായാണ് കാണുന്നതെന്നും നേരത്തേ സെൻ്റ് കിറ്റ്സ് ആൻ്റ് നെവിസ് കോച്ച് ജാക്വസ് പാസി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ