എഎഫ്‍സി ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബഹ്റൈനോട് തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ മുഖ്യ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനം രാജിവച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അറേബ്യൻ ശക്തികളോട് ഇന്ത്യ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജി അറിയിച്ചത്.

2002 മുതൽ 2005 വരെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ രണ്ടാം വരവ് 2015ലായിരുന്നു. രണ്ടാം വരവിൽ ഇന്ത്യയെ നേട്ടങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ശേഷമാണ് കോൺസ്റ്റന്റൈൻ പടിയിറങ്ങുന്നത്. വലിയ വളർച്ചയാണ് കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് ഇന്ത്യ നേടിയത്. ഇന്ത്യയെ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിക്കാൻ പരിശീലകൻ വഹിച്ച പങ്ക് വലുതാണ്.

2015 ൽ ഫിഫ റാങ്കിങ്ങിൽ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ 97-ാം സ്ഥാനത്തേക്കാണ് കോൺസ്റ്റന്റൈൻ എത്തിച്ചത്. സാഫ് കപ്പിൽ ഇന്ത്യയുടെ അണ്ടർ 23 ടീമുമായി ഇറങ്ങി റണ്ണറാപ്പാക്കാനും കോൺസ്റ്റന്റൈന് സാധിച്ചിരുന്നു. ഏഷ്യൻ കപ്പിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തായ്‍ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെടാൻ കാരണം നിർഭാഗ്യം ഒന്ന് മാത്രമാണ്.

“കഴിഞ്ഞ 4 വർഷങ്ങളായി ഞാൻ ഇവിടെയുണ്ട്. ആദ്യ നാൾ മുതൽ ഏഷ്യൻ കപ്പ് യോഗ്യതയായിരുന്നു എന്റെ ലക്ഷ്യം. അത് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞു. ഇന്ത്യൻ താരങ്ങളെകുറിച്ച് എനിക്ക് അഭിമാനമുണ്ട്‌. എന്നോട് ആവശ്യപ്പെട്ടത് താൻ ചെയ്തുകഴിഞ്ഞു. ഇനി ഇവിടുന്ന് പോകാനുള്ള സമയമാണ്,” സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ